Saturday, June 13, 2009

കാവൽക്കാരന്റെ സങ്കടങ്ങൾ

ഒരു മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാൺ
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... കണ്ണുകളിൽ നിറഞ്ഞു നിന്ന അവ ഇനി തള്ളിക്കയറും... ആയിരം ഇരട്ടക്കൊമ്പുകളിൽ എന്റെ വേഗത നിലയ്ക്കും. പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്.

ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളീയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......

രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും

പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരന്ന് നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഞാൻ ചിലപ്പോൾ ഇരക്കാറുണ്ട്.
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി

രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”

സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .

ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.

“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ റിത്രയും പറഞ്ഞപ്പോഴാണ് ആശ്വാശമായത്.

രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .

കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.

രാത്രി രണ്ടുമണീ കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളീലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളീലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എൺപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അട്ച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ പിൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങും. ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടീക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു. പിടിയാന കൂടുതൽ വേഗത്തിലോടി , വണ്ടി വളരെയടുത്തെത്തിയപ്പോൾ വലത്തോട്ട് പാളത്തിന് പുറത്തുകടന്നു. അല്പം പിന്നിലായ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .
ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനകൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ പോകാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളീയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. വെളിയിലിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺ ട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോണെടുത്തു. ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ് കോളുകൾ. .... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളീച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. “ അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പത്തു മണീയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺ ട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനേ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.


രണ്ടു മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ ഒൻപതുമണിയായിക്കാണും . കാഷ്വാലിറ്റിയിൽ അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. .. . . .”
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം തെളിഞ്ഞു..

ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . . .


ഡിസ്ചാർജ് ചെയ്ത് ഉച്ചയായി വീട്ടിലെത്തിയപ്പോൾ. പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .?“ ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അനർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.


ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു. ഇക്കാലമത്രയും എന്റെ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ.... . . . . എന്നിട്ടും ഒരു കാവൽക്കാരനെന്ന് ഞാൻ അഹങ്കരിച്ചു.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ പിന്നെയും കിടന്നു. . . . .തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ പിന്നെ ആനക്കൂട്ടങ്ങളിലേക്ക് വളരും . . . . .

Saturday, April 4, 2009

തീവണ്ടിയാല്‍ ചില വേര്‍പാടുകള്‍ ......

പകല്‍ മുഴുവന്‍ വെയിലൊപ്പിയ പച്ചകളെ പുണര്‍ന്നും തഴുകിയും ഇളം ചൂടുള്ള കാറ്റ് , തുറന്നിട്ടജനലിലൂടെ ഓടുന്ന ട്രെയിന്‍ എഞ്ചിന്റെ ക്യാബിനില്‍ വന്ന് ഞങ്ങളെ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി ധൃതിയില്‍ കടന്നു പോയി. പാടവും പനകളും അരുവികളും കൊണ്ട് ഹരിതാഭമായ റെയിലോരക്കാഴ്ചകള്‍... നെല്ലും പച്ചക്കറികളും ചോളവും കരിമ്പും വിളയുന്ന പാടവരമ്പിലൂടെ റെയിലോരപാതയിലേക്ക് നിരയിട്ടടുക്കുന്ന ചെറുസംഘങ്ങള്‍... റെയിലിനുസമാന്തരമായ അവരുടെ യാത്രക്ക് തിടുക്കത്തിന്റെ താളമുണ്ട്.
കുഞ്ഞുങ്ങള്‍, അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്.... ഇരുട്ടു പടരുമ്പോള്‍ വീട്ടിലെത്തി പുലരുമ്പോള്‍ തിരിക്കും വരെ ഇനിയെന്തൊക്കെ....
വിസില്‍ ബോര്‍ഡ്....വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍...
റൈറ്റ്... വിസില്‍ ബോര്‍ഡ്.. വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍... അങ്ങനെയാണത്. ബോര്‍ഡുകളും സിഗ്നലുകളും ആദ്യം കണ്ടയാള്‍ വിളിച്ചു പറഞ്ഞത് അടുത്തയാള്‍ കണ്ട് ഉറപ്പു വരുത്തി ആവര്‍ത്തിക്കുന്നു.മുന്നിലേക്കുള്ള പാളത്തിന്റെ വളവും വശങ്ങളിലെ മരങ്ങളുടെ ചില്ലകളും ചേര്‍ന്ന് പാളത്തിലേക്കുള്ള കാഴ്ച അവ്യക്തമാക്കിയിരുന്നു. പിന്നെ വിസിലടിയാണ്. അറുനൂറു മീറ്റെര്‍ മുന്‍പ് വെച്ച ബോര്‍ഡ് മുതല്‍ മുന്നില്‍ നിവര്‍ന്നറെയില്‍ പാളങ്ങള്‍ ദൂരേക്ക് കാണും വരെ.
വെയില്‍ മങ്ങി വെളിച്ചം കുറയാനെടുത്തത് വളരെ കുറഞ്ഞ സമയമാണ് .ഹെഡ് ലൈറ്റിന്റെ പ്രകാശം പാളങ്ങളെ കൂടുതല്‍ തെളിയിച്ചപ്പോള്‍ റെയിലിനോട് ചേര്‍ന്ന ഒറ്റയടി ചെമ്മണ്‍ പാതയിലെ യാത്രക്കാരെയടക്കം എല്ലാം കാണുന്നുണ്ട്. വണ്ടിയോട്ടത്തിനിടെ കാണുന്നതെന്തും അനുനിമിഷം മാറുമെന്നതിനാല്‍ മന:പൂര്‍വ്വമൊരു വിശകലനമോ കാഴ്ചയിലെ വ്യത്യസ്തതയോ മാത്രമാണ് അവ മനസ്സിലേക്ക് വീണ്ടുമെത്താന്‍ കാരണമാവുക.
വലത്തെ ഒക്കത്ത് കുഞ്ഞിനെയെടുത്ത് ഒരു പെണ്‍കുട്ടിയോടൊത്ത് , സാരിയുടുത്ത സ്ത്രീ റെയില്‍പ്പാതയുടെ ഇടതുവശം ചേര്‍ന്നു നടന്നു. വളരെ തിടുക്കത്തിലാണവര്‍ നടന്നത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരിന്നു.ചേര്‍ന്നുനടന്നവരൊന്നായി ഒരു കാറ്റ് ചൂഴ്ന്നെടുത്തുവെച്ച പോലെ പാളത്തിലേക്കു കടന്നു. പെണ്‍കുട്ടിയെ തോളീല്‍ പിടിച്ച് താഴേക്കമര്‍ത്തി, കുഞ്ഞിനെ മാറോടണച്ച് കുനിഞ്ഞ് ട്രെയിന് അഭിമുഖമായി ഇരുന്നു.
ഏറെ കണ്ടതെങ്കിലും ഹൃദയമിടിപ്പ് കൂടിയ നിമിഷങ്ങള്‍..... ഉള്ളം കൈ വിയര്‍ത്തു... തൊണ്ട വരണ്ടു.. നാലു വിസില്‍ നോബുകളിലും കൈകളമര്‍ന്നു. കാതുകള്‍ ചൂളം വിളിച്ചു.
വിസിലിന്റെ കാതടപ്പിക്കുന്ന ശബ്ദം അവരുടെ കാതുകളീലേക്കോ ട്രെയിന്റെ വേഗതവേറിയ വരവ് അവരുടെ കണ്ണുകളീലേക്കോ കയറില്ല , തീര്‍ച്ച‍‍. കുറഞ്ഞതെങ്കിലും മണിക്കൂറില്‍ എഴുപത്തഞ്ച് കിലോമീറ്റര്‍ വേഗതയിലോടുന്ന വണ്ടിക്ക് എമെര്‍ജന്‍സി ബ്രേക്ക് ചെയ്താലും അവരുടെ തീരുമാനങ്ങളേ നടക്കൂ. എങ്കിലും ചെയ്യാതിരുന്നില്ല.
കാഴ്ചയില്‍ അവര്‍ വണ്ടിക്കടിയിലേക്കാഴ്ന്നപ്പോള്‍ ഇരുമ്പില്‍ ഇരുമ്പുരയുന്ന കീറ്റലുകള്‍ക്കു മീതെ പതിഞ്ഞ ധട്... ധട് ധട് ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നില്ല. ഞങ്ങള്‍ പരസ്പരം നോക്കി. . നെടുവീപ്പുകളുയര്‍ന്നു, എല്ലാം കഴിഞ്ഞല്ലോന്ന്......‍കാലില്‍നിന്നുള്ള തരിപ്പും വിറയലും... ആകെയൊരു വിയര്‍ക്കല്‍...
ഇരുമ്പു കരിഞ്ഞ മണത്തോടെ പിടിച്ചു നിര്‍ത്തിയ പോലെ വണ്ടി നിന്നു.
ഇനി....? നിര്‍ത്താതെ പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. നടന്നതെ പറ്റി ചിന്തിക്കേണ്ട. അശുഭ കാഴ്ചകളുണ്ടാവില്ല . പക്ഷേ.. ഒരു ലോക്കോ പൈലറ്റിന് ഇനിയുള്ളതും ജോലിയുടെ ഭാഗമാണല്ലോ..
കുപ്പിവെള്ളം വാ പൊളിച്ച് ഒഴിച്ച് തീര്‍ത്തു. തൊണ്ടയിലൊരു കടലിരമ്പമായി അത് ഇറങ്ങാതെ നിന്ന പോലെ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റിനോട് പറഞ്ഞ് ലോക്കോയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇരുട്ട് കനത്തു പടര്‍ന്നിരിക്കുന്നു. വഴിവിളക്കിലെ പ്രകാശമുണ്ട്. ഉയര്‍ന്ന റെയില്‍ പാതക്കു താഴെ ഒറ്റയടിചെമ്മണ്‍ പാതയിലൂടെ ടോര്‍ച്ച് തെളിയിച്ച് നടന്നു. എവിടെ മനസ്സു മരവിക്കുന്ന ആ കാഴ്ചകള്‍... എവിടെ, കടുത്ത തീരുമാനങ്ങള്‍ക്കു വേണ്ടി തിളച്ച ചോരയുടെ പാടുകള്‍.. സ്വാതന്ത്ര്യം കണ്ടെത്തിയ രൂപമൊക്കാത്ത മാംസപിണ്ഢങ്ങള്‍... ?‍ ഇനി അമ്മയും മക്കളുമൂണ്ടോ..? അംഗഭംഗം വന്ന ശവങ്ങള്‍ മാത്രം. എവിടെ.... കണ്ടെത്തിയേ പറ്റൂ...
അവിടവിടെ ആരൊക്കെയോ ടോര്‍ച്ച് തെളിയിക്കുന്നുണ്ട്. നാട്ടുകാരാണ് . അവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. “സാറേ...... ഇവിടെയുണ്ട്...” പന്ത്രണ്ടാമത്തെ കോച്ചിനു ചുറ്റും ചിലര്‍ കൂടി നിന്ന് വിളീച്ച് പറഞ്ഞു. പുറത്തെ ഇരുട്ട് ആരൊക്കെയോ കണ്ണിലേക്ക് തള്ളിക്കയറ്റിയോ....... എത്ര ആഞ്ഞിട്ടും കാലുകള്‍ ഉയരാത്ത പോലെ.. നടന്നിട്ടും എത്തുന്നില്ല....
പലപ്പോഴായി കണ്ടിട്ടുള്ളതു കൊണ്ടാവാം കോച്ചിനോടടുക്കവേ മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു.
കൂടിനിന്നവര്‍ അകന്ന് വഴി കാണിച്ചു.
ഞളുങ്ങിയ ലോഹവളകളുള്ള അറ്റ വലതു കൈ... പിന്നിപ്പറിഞ്ഞ ദാവണിയോടെ ചതഞ്ഞ നെഞ്ചും പിളര്‍ന്ന തലയുമായി റെയിലുകള്‍ക്കിടയില്‍ ഓരത്ത് അവള്‍ കിടന്നു. ഒരു ശബ്ദം കേള്‍ക്കുന്നുണ്ടോ.. ? ഒരു കുഞ്ഞു നിലവിളി... ഉണ്ട്. അമ്മേ എന്ന് മുഴുവന്‍ വളരാത്ത വിളി. റ്റോര്‍ച്ചടിച്ചപ്പോള്‍ റെയിലിനകത്ത് കുറുകെ ചുരുണ്ടു കിടന്ന ഇരുണ്ട സാരിക്കകത്ത് ഒരു അനക്കം മാത്രമുണ്ട്. എല്ലാവരുടേയും റ്റോര്‍ച്ചുകള്‍ ആ ശബ്ദത്തിലേക്ക് തെളിഞ്ഞു. സാരിക്കുള്ളീലെ അനക്കവും നിലവിളീയുമല്ലാതെ മറ്റൊന്നും കണ്ടില്ല. കുറച്ചു നേരം ആരുടേയും കാലുകള്‍ അനങ്ങിയില്ല. ശബ്ദമുയര്‍ന്നില്ല.
അതാ.... സാരിക്കുള്ളിലെന്തോ തിരഞ്ഞുകൊണ്ട് അവന്‍ പുറത്ത് വരുന്നു.. കരഞ്ഞു കരഞ്ഞു ഒരു കുഞ്ഞു മോന്‍.
കൈ കൊണ്ട് തടഞ്ഞു നോക്കി അവന്‍ കരഞ്ഞു വിളിച്ചു. സാരിക്കുള്ളീലൊരു രൂപമവന്‍ കണ്ടില്ല. ചിരപരിചിതമായതൊന്നും കാണാതെ ചുറ്റിലും തെളിച്ച ചെറിയ പ്രകാശ വട്ടങ്ങളിലേക്ക് നോട്ടമെത്താതെ നോക്കി... പിന്നെയും അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
ഒരു നിമിഷം ഹൃദയം നുറുങ്ങി.... കാണേണ്ടിവരുന്നല്ലോന്ന് വിധിയെ പ്രാകി.. കൈയിലെ ടോര്‍ച്ച് ഊര്‍ന്ന് താഴെ വീണു. കരിങ്കല്ലില്‍ കാല്‍മുട്ടു കുത്തി എന്റെ കൈകള്‍ അവനിലേക്ക് വളര്‍ന്നു..
കൈകളിലേക്കവന്‍ പറന്നു വീണു... ശബ്ദമില്ലാത്ത ഏങ്ങലടിയില്‍ അവന്റെ വയറമര്‍ന്നും വാ പിളര്‍ന്നുമിരുന്നു. ദേഹത്തു ചേര്‍ന്നപ്പോള്‍ ശ്വാസമില്ലാത്ത, ശബ്ദമില്ലാത്ത നിലവിളീയോടൊപ്പം എന്നെ അള്ളിപ്പിടിച്ച് കിടന്നു.
എത്രയിടത്തുനിന്നു ചേര്‍ത്താലാണവന്റെ അമ്മയുണ്ടാവുക.....
ഇല്ല.. അവനായി ചുരന്ന മുലകളില്ലാതായി...... കൈ പിടിച്ച് നടത്താന്‍ ‍ലോഹവളകളിട്ട ചേച്ചിയുടെ കൈകളിനിയില്ല....... പകച്ച കണ്ണുകളില്‍ അവനെന്തു കണ്ടു..? തന്റേതെല്ലാം പൊയ്പ്പോയെന്നവന്‍ അറിഞ്ഞു കാണുമോ.....
മുറിഞ്ഞും ചതഞ്ഞും വികൃതമായ രൂപങ്ങളെ പെറുക്കിക്കൂട്ടി അമ്മയെന്നും ചേച്ചിയെന്നും പേരിട്ട് റെയിലിനുവെളിയില്‍ ചേര്‍ത്തു വെച്ചു. കുഞ്ഞിനെ അടര്‍ത്തി ഒരു ഓഫ് ഡ്യൂട്ടി റെയില്‍ വേ സ്റ്റാഫിനൊപ്പം ഗാര്‍ഡ് വാനില്‍ കയറ്റി. കീറിമുറിഞ്ഞ അവന്റെ കരച്ചില്‍ ഉള്ളിലേക്കിനിയുമിറങ്ങാതിരിക്കാന്‍ ചെവികളമര്‍ത്തി പൊത്തി ഞാന്‍ എഞ്ചിനിലേക്ക് നടന്നു. ഇനിയുമോടാനുണ്ടെത്രയോ..............

Saturday, March 21, 2009

ഉപായം

ആദ്യത്തെ പിടുത്തം
പിഴയ്ക്കരുത് ; കൈയടക്കം.

ഒറ്റവലി , തടുക്കാന്‍
കൈയടുക്കും മുന്‍പ്.

ആഞ്ഞുള്ളൊരൊറ്റവലി
ശാസ്ത്രമാണ്

നിലവിളിയ്ക്ക് വാ പൊളിക്കും-
മുന്‍പെ തീരണം

ഇത്രയും കൊണ്ട് കണ്ണില്‍
ഇരുട്ട് തൂവിക്കഴിഞ്ഞു.

അതാവണം വെളിച്ചം
ഒടിയനായ് മറയുക.

ദീര്‍ഘരേഖയിലോട്ടം വേണ്ട,
ദീര്‍ഘദൃഷ്ടികളുണ്ട്.

കുണ്ടനിടവഴിയും ഒറ്റയടിപ്പാതയും
വേണ്ട , പരിചിതരറിയും.

ചന്തയിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ
വെച്ചാകാം , അഭിമാനം കാക്കും.

തരികിടയെന്നോര്‍ത്താദ്യം
ഇളിഭ്യയാകും , മണ്ടിക്കളയുക.

കഴുത്ത് തടവി പോയല്ലോന്നോര്‍ത്ത്
കണ്ണുകള്‍ ചുവപ്പിച്ച് കുളിപ്പിച്ച് വെളിയിലിടും.

എല്ലവരും കൂടും,
വിമ്മിഷ്ടം ഒച്ചയില്ലാതൊഴുകുമ്പോള്‍.

എല്ലാറ്റിനും കൂടണം,
വീട്ടിലെത്തിക്കണം ; ആണ്‍ തുണ.

രാത്രിയിലൊരുമ്മകൊടുത്ത്
പോട്ടെ..വേറെ വാങ്ങാലോന്നാക്കണം.

പിന്നെ,
വിറ്റുകാശാക്കി കുട്ടിയേംകൊണ്ട് വരിക
ഞങ്ങളെല്‍ക്കേജീലാക്കാം


Sunday, March 8, 2009

നീ അറിയാന്‍

നീ അറിയാന്‍

ഹൃ ദയത്തില്‍ നീ
മാറ്റുരച്ചുണര്‍ത്തിയ
നിന്റെ വാക്കുകള്‍
കവര്‍ന്നതാര് ‍?

ഉല പോല്‍
നെഞ്ചിന്‍ കൂടുലച്ച്
നീയെരിച്ച കനല്‍
കവര്‍ന്നതാര് ?‍

വര്‍ണ്ണനൂലിനാല്‍ നെയ്ത്
നെഞ്ചോടു ചേര്‍ത്ത
നിന്റെ കനവുകള്‍
കവര്‍ന്നതാര് ?

നിഴലൊഴിഞ്ഞ
സംവേദനങ്ങളേകിയ
നിന്നിന്ദ്രിയങ്ങള്‍
കവര്‍ന്നതാര് ?

കേള്‍ക്കാതെയില്ല
നീ വാക്കുകള്‍,
കാണാതെയില്ല
കാഴ്ചകള്‍
അറിയാതെയില്ല
നിനക്കര്‍ത്ഥങ്ങളെങ്കിലും,

നിന്നതെന്തേയീ
തെരുവോരം
വീര്‍പ്പുമുട്ടിയീ
ചവറുകൂനകള്‍ക്കിടയില്‍

തിരക്കില്‍ നഷ്ടമാകാമിവിടെ
നിന്‍ തനുവും തങ്കവളകളും, പിന്നെ-
ഇല്ലായ്മയില്‍ നീ
അറിയാതെ പോകാം
ഇരയായതും നീ
ഇല്ലാതെയായതും


Sunday, February 22, 2009

സ്ത്രീ.

പെണ്‍ വീട്ടുകാര്‍ പറഞ്ഞത്
കല്ലുവെച്ച നുണകളായിരുന്നു.

മാല മോതിരം
കമ്മല്‍ വള പാദസരം‍..
അളവിനൊടുവില്‍
മാറ്റിനിര്‍ത്തിയവളെയവന്‍.

അധികാരികള്‍ ചോദിച്ചത്
കല്ലുവെച്ച അതിരുകളായിരുന്നു.
വടക്ക് കിഴക്ക് പടിഞ്ഞാറ്..
തെക്കേ അതിരളവ് തികയാന്‍
ചേര്‍ന്നുകിടന്നു ,
അവളുടച്ഛനുമമ്മയും..

അവള്‍ക്കാരുമില്ല,
അവനവളുമില്ല.

അവളുടെ പങ്കവനുണ്ടു,
അവളെ പിന്നെ പലരുണ്ടു..
മധ്യസ്ഥം,കോടതി
വിശാലഹൃദയര്‍,വിദൂഷകര്‍..

വിശിഷ്ടമാണ് തിരുശേഷിപ്പ് ;
സ്ത്രീയായ് തന്നെ ജീവിപ്പവളിന്നും‍

Friday, February 13, 2009

മോതിരം

എണ്ണമയമില്ലാതെ ഒതുക്കമില്ലാത്ത, നരച്ച മുടിയിഴകള്‍ മുഖത്തുനിന്നു മാറ്റി കല്ല്യാണിയമ്മ ഇടതു കൈയിലെ മോതിരവിരല്‍ ഉയര്‍ത്തി സൂക്ഷിച്ചു നോക്കി. കൈ വെച്ചു തടവി.
ഇല്ല.. ഒന്നും അവശേഷിക്കുന്നില്ല. ഒരു അടയാളം പോലും. കാലം എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു.
കുറേ നേരം കൈവിരല്‍ നോക്കിയും തടവിയുമുള്ള ആ ഇരിപ്പു കണ്ട് അടിച്ച് വൃത്തിയാക്കുന്ന സ്ത്രീ ചോദിച്ചു.
“വെല്ല്യമ്മേ.. ചായ കുടിച്ചിട്ടാണോ വന്നത്?“ ഉത്തരമുണ്ടായില്ല. “മിണ്ടേണ്ട..അവിടെ ഇരുന്നോ കല്ലു പോലെ. ബാങ്കിലുള്ളോര്‍ വരാന്‍ ഇനിയും നേരമുണ്ട്. പിന്നെ പ്രസിഡണ്ട്...വന്നാലായി. ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.”
അവള്‍ പറയട്ടെ. എവിടെ പോകാനാ.. ഇപ്പറഞ്ഞവരെ കാണാനല്ലേ വന്നത്. കാണും വരെ കാത്തിരിക്കാതെ കഴിയില്ലല്ലോ.
നാലു സെന്റ് പുരയിടത്തിലെ തെങ്ങുകള്‍ക്ക് വളമിടാനാണ് മോതിരം പണയം വെച്ചത്. നമ്മുടേതെന്ന് മക്കളുടെ അച്ഛന്‍ പതിനായിരം വട്ടം പറയാറുണ്ടായിരുന്ന ഈ സഹകരണ ബാങ്കില്‍
“കല്ല്യാണി ഇന്നും രാവിലെ തന്നെയുണ്ടല്ലോ” സെക്രട്ടറി കയറി വരുമ്പോഴേ ഒരു കുശലമെന്നോണം പറഞ്ഞു.
പിന്നാലെ പല പേര്‍ കടന്നു വന്നു. നിഴലുകളായി അവര്‍ ഇരിപ്പിടങ്ങളില്‍ ഒതുങ്ങി. പിന്നെയും എത്രയോ പേര്‍. കഴിഞ്ഞ രണ്ട് ദിവസമായി ഇതെല്ലാം കണ്ണില്‍ തടയുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ഈ നിഴലൊഴുക്കുകള്‍. മുഖങ്ങള്‍ തേടിയില്ല...
കാഴ്ച്ച വട്ടങ്ങളില്‍തിരക്കുകളും ശബ്ദം കുറഞ്ഞ വര്‍ത്തമാനങ്ങളും നിറഞ്ഞു നിന്നു. ബാങ്കിനകത്തെ അവ്യക്തതയില്‍ സ്വസ്ഥതയുണ്ടെന്ന് തോന്നി കല്ല്യാണിയമ്മയ്ക്ക്. .. കാരണം ഇതിനകത്തെ ഈ അവ്യക്തതയില്‍നിന്നു മാണല്ലോ തന്റെ കാര്യങ്ങള്‍ നടക്കേണ്ടത്. ഇന്നെങ്കിലും പ്രസിഡണ്ട് വരാതിരിക്കില്ല.
പ്രസിഡണ്ട് നരേന്ദ്രന്‍. ആശംസാ പ്രാസംഗികന്റേതായിരുന്നു സ്ഥാനം, അവര്‍ ഉദ്ഘാടകനാകുമ്പോള്‍. അവര്‍ ധര്‍ണ്ണയുടെ മുന്‍ നിരയിലിരിക്കുമ്പോള്‍ നരേന്ദ്രന്‍ പുറകിലെവിടെയോ... വീട്ടിലേക്കു കാണാന്‍ വരുമായിരുന്നു.മണിക്കൂറുകളോളം അവരുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. ഇപ്പോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. അന്നത്തെ ലോക്കലില്‍ നിന്നും ഇപ്പോള്‍ ഏരിയയും കടന്നു പോയിരിക്കുന്നു. കണ്ടാല്‍ അറിയുമോ എന്തോ..
ചായ വെച്ചിട്ടു വരുമ്പോള്‍ ചെറുപ്പക്കാരന്‍ പ്യൂണ്‍ ചോദിച്ചു.
“വെല്ല്യമ്മേ.. ഇനിയിപ്പോ പ്രസിഡണ്ടിനെ കണ്ടിട്ടെന്താ കാര്യം..? കഴിഞ്ഞത് കഴിഞ്ഞില്ലേ.. വീട് ജപ്തിയൊന്നുമായില്ലല്ലോ.സമാധാനായിട്ട് പോകല്ല്വേ നല്ലത്”.
ഇടതു മോതിരവിരല്‍ വലതു കൈയിലമര്‍ന്നു. പിന്നെ മൃദുവായി തടവി നോക്കി.
“ജില്ല മുഴുവനാ യാത്ര.. ഓരോ മുക്കിലും മൂലയിലും കാല്‍നടയായിട്ടെത്തണം. മുന്നൂറ്റിചില്ല്വാന്‍ കേന്ദ്രങ്ങളുണ്ട്...ഒഴിവാക്കന്‍ പറ്റില്ലന്നറിയാലോ.. ചെറുതിനെ വൈദ്യനെ കാണിക്കണം.. പിന്നെ ചെലവിനെടുത്തു തരാന്‍ ഒന്നൂല്ല്യാലോ..”
“ന്നാ.. ഇതു വെച്ഛോ.. എന്തു വേണേ ചെയ്തോ..”
അവര്‍ മോതിരം ഊരി ഇടതു കൈ പിടിച്ച് മോതിര വിരലിലിട്ടു. “ വരട്ടെ..”
തിരിച്ചു വരാന്‍ എഴു നാളാകുമല്ലോ എന്നു സങ്കടപ്പെടേണ്ടിടത്ത് അന്നുണ്ടായ നിര്‍വൃതി........
മറ്റു പാര്‍ട്ടിക്കാരെ പോലെ തന്നെ ചുവന്ന റിബ്ബണ്‍ മാലയിട്ടാണ് അവര്‍ കൂടെ കൂട്ടിയത്.അടുത്തിരിക്കുന്നത് അപൂര്‍വ്വമെങ്കിലും ഇതുവരെ ഉള്ളുതൊടുന്ന അടുപ്പമാണ് കാണിച്ചത്. ഇതിപ്പോ.. ഈ കൈ പിടിച്ച് മോതിരമണിഞ്ഞു.. ഒരു പാര്‍ട്ടിക്കാരന്റെ ഭാര്യ ഇങ്ങനെയെല്ലാം ചിന്തിക്കാമോ... അവര്‍ അന്ന് യാത്രക്ക് പോയത് മുതല്‍ പുതിയ വികാരങ്ങളാല്‍ ഹൃദയം നിറഞ്ഞു.
പല വിധം ദിവസങ്ങള്‍ തള്ളിനീക്കി. മോതിരമൂരാന്‍ മനസ്സുണ്ടായില്ല. കാല്‍നട യാത്രയുടെ ദിവസങ്ങല്‍ കഴിയും മുന്‍പേ ഒരു മധ്യാഹ്നത്തില്‍ വീട്ടിലേക്കു വന്നത് മക്കളുടെ അച്ഛനായിരുന്നില്ല. നാട്ടുകാരുടെ കണാരേട്ടന്‍ മാത്രമായിരുന്നു. അവര്‍ എല്ലാവരോടും കൂടി വന്നു... പിന്നെ പോയി.. എല്ലാം തന്നിട്ടു പോയി.....
മോതിരവിരല്‍ കൈയിലമര്‍ന്നു.... ഒരു ദീര്‍ഘ നിശ്വാസത്തിനൊടുവില്‍ കണ്ടത് പ്രസിഡണ്ട് ബാങ്കിലേക്ക് കയറി വരുന്നതാണ്. പലരോടും സംസാരിച്ചും ജോലിക്കാരോട് കര്‍ശനമുറകള്‍ കാണിച്ചും മുറിയിലേക്ക് പോയി. പിന്നെ തിരക്കുളായിരുന്നു. എപ്പോഴാണാവോ കാണാന്‍ പറ്റുക...
“ ഉച്ച കഴിഞ്ഞു. ഇനീം ഇവിടെ ഇരിക്കാനാ പരിപാടി .. വെല്ല്യമ്മക്ക് പോയി പ്രസിഡണ്ടിനെ കണ്ടുകൂടേ..” ആ ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ടു പോയി. പിന്നെ മുറിയുടെ വാതില്‍ തുറന്നു പിടിച്ച്.... “സാറേ.. ഒരാള് കാണാന് ണ്ട്.. ആ കണാരേട്ടന്റെ...........” എന്ന് വിവരമറിയിച്ചു.
അകത്തു കടന്നു.. ആപ്പീസ് തിരക്കില്‍ നിന്ന് തലയുയര്‍ത്തി ചോദിച്ചു.. “പറയൂ കല്ല്യാണിയമ്മേ..”
പണയം വെച്ച മോതിരം എടുക്കാന്‍ വന്നതാ...
എന്നിട്ട്...?
മോതിരം ലേലം ചെയ്തൂത്രേ...
അല്ലാണ്ട് പിന്നെ എന്താ ചെയ്യാ എന്റെ കല്ല്യാണിയമ്മേ... വര്‍ഷെത്രായീന്നറിയോ...
എത്ര ലേലക്കത്തയച്ചു. അതും കണാരേട്ടന്റെ വിധവയായോണ്ട്. ബാങ്കിന്റെ ചിട്ടകള്‍ എത്രേന്ന് വച്ച് തെറ്റിക്കും. വേറേ വഴിയില്ലാത്തോണ്ടാണ് ‍ കല്ല്യാണിയമ്മേ...
“നരേന്ദ്രാ..” പരിക്ഷീണിതയായിട്ടാണെങ്കിലും അങ്ങനെ വിളിച്ചു പോയി..
“ന്റെ കയ്യില് ‍മൊതലും പലിശേംണ്ട് .”
ഇനിയിപ്പോ എന്തിനാ കല്ല്യാണീയമ്മേ പണം ? അത് ഞങ്ഗള്‍ക്ക് നേരത്തെ കിട്ടിയല്ലോ.. എല്ലാത്തിനും അതിന്റെ നേരംണ്ട്. ആ നേരത്ത് തന്നെ നടക്കണം.
കണാരേട്ടനുള്ളപ്പൊ തല പുറാത്ത് കാട്ടീട്ടില്ല ഞാന്‍ . അത് കണാരേട്ടന്റെ കാലമായിരുന്നു. ഇപ്പൊ എന്റെയാണ് കല്ല്യാണിയമ്മേ നേരം.. സ്വര്‍ണ്ണം ലേലം ചെയ്ത് പോയില്ലേ.. ഇനി പൊയ്ക്കോളൂ..
പുറത്തിറങ്ങിയപ്പോള്‍ നിഴലുകളൊന്നും തെളിഞ്ഞിരുന്നില്ല. .. ഇരുട്ടാ‍യിരുന്നു. നടന്നോ നിന്നോ എന്നറിയില്ല.
“വെല്ല്യമ്മേ.. ഇനിയൊരു കാര്യംണ്ട് ചെയ്ത് നോക്കാന്‍.” ആ ചെറുപ്പക്കാരനാണ് . ‍
“ഞാന്‍ ഊണു കഴിക്കാന്‍ പോവ്വാ.. പോകണ വഴീലാ തോമാസ് ഈപ്പന്റെ വീട്. അയാളാ അന്ന് സ്വര്‍ണ്ണം ലേലം ചെയ്ത് കൊണ്ട് പോയത്. വെല്ല്യമ്മയൊന്ന് കരഞ്ഞ് പിഴിഞ്ഞ് നോക്ക്.. കിട്ട്വോന്നറിയില്ല..”
അവന്റെ കൂടെ നടന്നു.. മനസ്സിലെന്തൊക്കെയോ തിങ്ങി നിറയുകയായിരുന്നു. ശരീരത്തിന് ആരോഗ്യക്കുറവെങ്കിലും മനസ്സ് ദൃഢമായിരുന്നു.. എല്ലാം അവരുടെ ശിക്ഷണമാണ് . തളര്‍ന്നിരുന്നില്ല. അവരുണ്ടായിരുന്നു ഓരോ നിമിഷവും കൂടെ... മക്കള്‍ നാടു വിട്ടുള്ള താമസത്തിന് വിളിച്ചപ്പോഴെല്ലാം ഇവിടെ തന്നെ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു................... ഇപ്പോള്‍ .. തളരുന്നുണ്ടോ..
“ആരു ലേലത്തിനു വന്നാലും ഇവര്‍ക്കാ വെല്ല്യമ്മേ കിട്ട്വാ.. പ്രസിഡണ്ടിന്റെ സ്വന്തം ആളാ.. ടൌണില് സ്വര്‍ണ്ണക്കടകള്‍ നാലാ...”
വലിയ ഗേറ്റ് തുറന്ന് അകത്ത് കടന്നു. പൂമുഖത്തിരുന്ന മധ്യവയസ്കനോട് ചെറുപ്പക്കാരന്‍ കാര്യം അവതരിപ്പിച്ചു.‍
അയാള്‍ ഒന്നു ചിരിച്ചു. ഉറക്കെ തന്നെ......
“ഇതിപ്പൊ രണ്ടാഴ്ചയായില്ലേ.. .. ഉരുക്കി ഉരുപ്പടിയാക്കിക്കാണും.. അല്ലേലും എന്തിനാ പഴയത്.. പണമുണ്ടല്ലോ..... നമ്മുടെ കടയില്‍ പൊയ്ക്കോളൂ..സ്വര്‍ണ്ണവും മോഡലും പുതിയതു തന്നെ ആയിക്കോട്ടേ..”
ചെറുപ്പക്കാരന്‍ തിരിച്ചു വന്നു..” ഉരുക്കിയില്ലേ .. ഒന്നും ചെയ്യാനില്ല”
അതെ.. പഴയത് കിട്ടാനില്ല. എല്ലാം പുതിയതായി....
ഗേറ്റ് തുറന്ന് ഇനി ഞാന്‍ പൊയ്ക്കോട്ടെ എന്നു പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നപ്പോള്‍ തിരിച്ചു വിളിക്കണമെന്നു തോന്നി.
ഒരു കൂട്ടില്ലാതെ എങ്ങനെയാണ് ..............‍ ‍ ‍‍
.
ഓര്‍മ്മകള്‍.. സ്വപ്നങ്ങള്‍

പുസ്തകത്താളിലൊളിപ്പിച്ച
മയില്‍ പീലിയിലെ തിളങ്ങുന്ന
വര്‍ണ്ണങ്ങളാകണം
ഓര്‍മ്മകള്‍
ഘനീഭവിച്ച ഇന്നലെകളില്‍
പെയ്തിറങ്ങുന്ന
അശ്രുകണങ്ങളാകണം
ഓര്‍മ്മകള്‍

ഓര്‍മ്മകളുടെ നിഴല്‍പ്പാടുകള്‍ തീര്‍ത്ത
പ്രകാശരേഖകളില്‍ മെനയണം
സ്വപ്നങ്ങള്‍

ഹൃദയ മര്‍മ്മരങ്ങളുള്ള
നിലാവിന്റെ നിറവിലാകണം
സ്വപ്നങ്ങള്‍

ഓര്‍മ്മകളുള്ളവര്‍
വേനല്‍ പൂക്കളെപോലെ
നിറമുള്ള സ്വപ്നങ്ങള്‍ക്കവകാശികള്‍

കണ്ണിമാങ്ങയും
പുളിങ്കുരുവും
ആമ്പല്‍ പൂവിലെ മഞ്ഞുതുള്ളിപോലെ
നിറകണ്ണുകളും
പിന്നെ,
ഓര്‍മ്മകള്‍ക്കിപ്പുറം,
കടമെടുക്കാനൊരു മനസ്സും
ഹൃദയത്തിലലിയുന്ന
നനുത്ത വാക്കുകളും
വന്യതകളിലെ ഇടവഴികളും
സ്വപ്നങ്ങള്‍
പ്രണയപൂര്‍വ്വം..

നിന്നോടെനിക്ക് പറയാനുള്ളത്,
നിഴലുകള്‍ക്കിടയില്‍ നിറഞ്ഞു തൂവിയ
നിന്നെകുറിച്ചു തന്നെയാണ്

വാനില്‍, നിലാവില്‍
ദേശാടനക്കിളികള്‍ ഒഴുകുമ്പോള്‍
നിന്റെ നനുത്ത ശബ്ദമുണ്ടായിരുന്നു കൂട്ടിന്.

വെണ്മേഘക്കീറുകളില്‍
നീ യാത്രയാവുന്നതുകാണാന്‍
ഞാനീ മണല്‍പ്പരപ്പില്‍ മലര്‍ക്കും;
നിര്‍വൃതി, കണ്ണീര്‍ത്തുള്ളിയുടെ
തപസ്പര്‍ശം..

അപ്പോഴും,
എന്റെ നിറക്കൂട്ടിലെ സാന്ധ്യ വര്‍ണ്ണങ്ങളില്‍
പെയ്തിറങ്ങുന്ന തൂമഞ്ഞായ് നീ..
നനഞ്ഞ സ്ലേറ്റില്‍ വരഞ്ഞ്
പിന്നെ തെളിഞ്ഞ്
പിന്നെ മായാത്ത ചിത്രം പോലെ
നിന്റെ നിറ പുഞ്ചിരി.

നിളയിലിവിടെ,
നീര്‍വറ്റിയ ആഴങ്ങളുടെ ഉയര്‍ച്ചകളില്‍ നിന്ന്
പുഴയ്ക്കരികു പറ്റിയ പച്ചകള്‍ക്കപ്പുറത്തേക്ക്
ഞാനൊഴുകുമ്പോഴെല്ലാം
തണുപ്പുള്ള ഇളം കാറ്റുപോലെ,
കുളികഴിഞ്ഞുള്ള കാച്ചെണ്ണമണം പോലെ,
നിന്റെ സ്നിഗ്ദ്ധതയുണ്ടായിരുന്നു ..

നിന്നെ കുറിച്ചു ഞാന്‍ ചോദിച്ചത്
വൈശാഖത്തിനൊടുവില്‍
നമ്മുടെ കാവില്‍നിന്നും പറന്നുമറയുന്ന
ദേശാടനക്കിളികളോട് മാത്രമാണ്

ഞാനുമുണ്ട് കൂടെയെന്ന്
പറയാനായില്ലെനിക്ക്;
വാക്കുകള്‍മുറിഞ്ഞ് ഞാന്‍ പറന്നിരുന്നു.

പറന്നറിഞ്ഞ ദേശങ്ങളെല്ലാം
ഓര്‍മ്മകളുടെ കൂടാരങ്ങളായപ്പോള്‍
ഞനറിഞ്ഞതും നിന്നെ മാത്രമായിരുന്നു.
അതുകൊണ്ടാവാം, എന്റെ ദേശാടനം
ഈ പുഴക്കരയില്‍നിന്നും
ഈ പുഴക്കരയിലേക്കു തന്നെയായതും

ഞാനൊരര്‍ജ്ജുനനാവണമെന്ന്
നിന്റെ മോഹമായിരുന്നു, എന്റെയും..
-വില്ലാളിയല്ലെന്നറിഞ്ഞിട്ടും.
എന്നെങ്കിലുമൊരുനാള്‍,ഞാനൊരു
കടല്‍ത്തിരയുടെ ശക്തിയാവുമെന്ന്
ഹൃദയവാക്യമെഴുതിയപ്പോള്‍
തിരകളെണ്ണുകയായിരുന്നു നീ..

എന്നിട്ടും..നീ
എന്നേയും തേടി
തിരമാലയിലേക്കിറങ്ങിയതെന്തിന്?

മനസ്സു കിനിഞ്ഞ്,
തപമാര്‍ന്ന ജലം വീഴുമ്പോള്‍
നീറ്റലുണ്ട്,നിശ്ശബ്ദതക്ക്

ഈ പുഴ നിറയും..
മലകളുടെ കദനങ്ങളുമായി
കടലിന്റെ സാന്ത്വനം കേള്‍ക്കാന്‍
പുഴയൊഴുകും.
അപ്പോള്‍, ഈ താളുകള്‍‍ക്കൊപ്പം
എന്‍ കരള്‍പൂക്കള്‍ ഞാന്‍ പരിച്ചിടാം..
നിന്നിലേക്കൊഴുകാം,
ഈ പുഴയില്‍ നിനക്കായ്..