Sunday, February 22, 2009

സ്ത്രീ.

പെണ്‍ വീട്ടുകാര്‍ പറഞ്ഞത്
കല്ലുവെച്ച നുണകളായിരുന്നു.

മാല മോതിരം
കമ്മല്‍ വള പാദസരം‍..
അളവിനൊടുവില്‍
മാറ്റിനിര്‍ത്തിയവളെയവന്‍.

അധികാരികള്‍ ചോദിച്ചത്
കല്ലുവെച്ച അതിരുകളായിരുന്നു.
വടക്ക് കിഴക്ക് പടിഞ്ഞാറ്..
തെക്കേ അതിരളവ് തികയാന്‍
ചേര്‍ന്നുകിടന്നു ,
അവളുടച്ഛനുമമ്മയും..

അവള്‍ക്കാരുമില്ല,
അവനവളുമില്ല.

അവളുടെ പങ്കവനുണ്ടു,
അവളെ പിന്നെ പലരുണ്ടു..
മധ്യസ്ഥം,കോടതി
വിശാലഹൃദയര്‍,വിദൂഷകര്‍..

വിശിഷ്ടമാണ് തിരുശേഷിപ്പ് ;
സ്ത്രീയായ് തന്നെ ജീവിപ്പവളിന്നും‍

Friday, February 13, 2009

മോതിരം

എണ്ണമയമില്ലാതെ ഒതുക്കമില്ലാത്ത, നരച്ച മുടിയിഴകള്‍ മുഖത്തുനിന്നു മാറ്റി കല്ല്യാണിയമ്മ ഇടതു കൈയിലെ മോതിരവിരല്‍ ഉയര്‍ത്തി സൂക്ഷിച്ചു നോക്കി. കൈ വെച്ചു തടവി.
ഇല്ല.. ഒന്നും അവശേഷിക്കുന്നില്ല. ഒരു അടയാളം പോലും. കാലം എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു.
കുറേ നേരം കൈവിരല്‍ നോക്കിയും തടവിയുമുള്ള ആ ഇരിപ്പു കണ്ട് അടിച്ച് വൃത്തിയാക്കുന്ന സ്ത്രീ ചോദിച്ചു.
“വെല്ല്യമ്മേ.. ചായ കുടിച്ചിട്ടാണോ വന്നത്?“ ഉത്തരമുണ്ടായില്ല. “മിണ്ടേണ്ട..അവിടെ ഇരുന്നോ കല്ലു പോലെ. ബാങ്കിലുള്ളോര്‍ വരാന്‍ ഇനിയും നേരമുണ്ട്. പിന്നെ പ്രസിഡണ്ട്...വന്നാലായി. ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.”
അവള്‍ പറയട്ടെ. എവിടെ പോകാനാ.. ഇപ്പറഞ്ഞവരെ കാണാനല്ലേ വന്നത്. കാണും വരെ കാത്തിരിക്കാതെ കഴിയില്ലല്ലോ.
നാലു സെന്റ് പുരയിടത്തിലെ തെങ്ങുകള്‍ക്ക് വളമിടാനാണ് മോതിരം പണയം വെച്ചത്. നമ്മുടേതെന്ന് മക്കളുടെ അച്ഛന്‍ പതിനായിരം വട്ടം പറയാറുണ്ടായിരുന്ന ഈ സഹകരണ ബാങ്കില്‍
“കല്ല്യാണി ഇന്നും രാവിലെ തന്നെയുണ്ടല്ലോ” സെക്രട്ടറി കയറി വരുമ്പോഴേ ഒരു കുശലമെന്നോണം പറഞ്ഞു.
പിന്നാലെ പല പേര്‍ കടന്നു വന്നു. നിഴലുകളായി അവര്‍ ഇരിപ്പിടങ്ങളില്‍ ഒതുങ്ങി. പിന്നെയും എത്രയോ പേര്‍. കഴിഞ്ഞ രണ്ട് ദിവസമായി ഇതെല്ലാം കണ്ണില്‍ തടയുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ഈ നിഴലൊഴുക്കുകള്‍. മുഖങ്ങള്‍ തേടിയില്ല...
കാഴ്ച്ച വട്ടങ്ങളില്‍തിരക്കുകളും ശബ്ദം കുറഞ്ഞ വര്‍ത്തമാനങ്ങളും നിറഞ്ഞു നിന്നു. ബാങ്കിനകത്തെ അവ്യക്തതയില്‍ സ്വസ്ഥതയുണ്ടെന്ന് തോന്നി കല്ല്യാണിയമ്മയ്ക്ക്. .. കാരണം ഇതിനകത്തെ ഈ അവ്യക്തതയില്‍നിന്നു മാണല്ലോ തന്റെ കാര്യങ്ങള്‍ നടക്കേണ്ടത്. ഇന്നെങ്കിലും പ്രസിഡണ്ട് വരാതിരിക്കില്ല.
പ്രസിഡണ്ട് നരേന്ദ്രന്‍. ആശംസാ പ്രാസംഗികന്റേതായിരുന്നു സ്ഥാനം, അവര്‍ ഉദ്ഘാടകനാകുമ്പോള്‍. അവര്‍ ധര്‍ണ്ണയുടെ മുന്‍ നിരയിലിരിക്കുമ്പോള്‍ നരേന്ദ്രന്‍ പുറകിലെവിടെയോ... വീട്ടിലേക്കു കാണാന്‍ വരുമായിരുന്നു.മണിക്കൂറുകളോളം അവരുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. ഇപ്പോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. അന്നത്തെ ലോക്കലില്‍ നിന്നും ഇപ്പോള്‍ ഏരിയയും കടന്നു പോയിരിക്കുന്നു. കണ്ടാല്‍ അറിയുമോ എന്തോ..
ചായ വെച്ചിട്ടു വരുമ്പോള്‍ ചെറുപ്പക്കാരന്‍ പ്യൂണ്‍ ചോദിച്ചു.
“വെല്ല്യമ്മേ.. ഇനിയിപ്പോ പ്രസിഡണ്ടിനെ കണ്ടിട്ടെന്താ കാര്യം..? കഴിഞ്ഞത് കഴിഞ്ഞില്ലേ.. വീട് ജപ്തിയൊന്നുമായില്ലല്ലോ.സമാധാനായിട്ട് പോകല്ല്വേ നല്ലത്”.
ഇടതു മോതിരവിരല്‍ വലതു കൈയിലമര്‍ന്നു. പിന്നെ മൃദുവായി തടവി നോക്കി.
“ജില്ല മുഴുവനാ യാത്ര.. ഓരോ മുക്കിലും മൂലയിലും കാല്‍നടയായിട്ടെത്തണം. മുന്നൂറ്റിചില്ല്വാന്‍ കേന്ദ്രങ്ങളുണ്ട്...ഒഴിവാക്കന്‍ പറ്റില്ലന്നറിയാലോ.. ചെറുതിനെ വൈദ്യനെ കാണിക്കണം.. പിന്നെ ചെലവിനെടുത്തു തരാന്‍ ഒന്നൂല്ല്യാലോ..”
“ന്നാ.. ഇതു വെച്ഛോ.. എന്തു വേണേ ചെയ്തോ..”
അവര്‍ മോതിരം ഊരി ഇടതു കൈ പിടിച്ച് മോതിര വിരലിലിട്ടു. “ വരട്ടെ..”
തിരിച്ചു വരാന്‍ എഴു നാളാകുമല്ലോ എന്നു സങ്കടപ്പെടേണ്ടിടത്ത് അന്നുണ്ടായ നിര്‍വൃതി........
മറ്റു പാര്‍ട്ടിക്കാരെ പോലെ തന്നെ ചുവന്ന റിബ്ബണ്‍ മാലയിട്ടാണ് അവര്‍ കൂടെ കൂട്ടിയത്.അടുത്തിരിക്കുന്നത് അപൂര്‍വ്വമെങ്കിലും ഇതുവരെ ഉള്ളുതൊടുന്ന അടുപ്പമാണ് കാണിച്ചത്. ഇതിപ്പോ.. ഈ കൈ പിടിച്ച് മോതിരമണിഞ്ഞു.. ഒരു പാര്‍ട്ടിക്കാരന്റെ ഭാര്യ ഇങ്ങനെയെല്ലാം ചിന്തിക്കാമോ... അവര്‍ അന്ന് യാത്രക്ക് പോയത് മുതല്‍ പുതിയ വികാരങ്ങളാല്‍ ഹൃദയം നിറഞ്ഞു.
പല വിധം ദിവസങ്ങള്‍ തള്ളിനീക്കി. മോതിരമൂരാന്‍ മനസ്സുണ്ടായില്ല. കാല്‍നട യാത്രയുടെ ദിവസങ്ങല്‍ കഴിയും മുന്‍പേ ഒരു മധ്യാഹ്നത്തില്‍ വീട്ടിലേക്കു വന്നത് മക്കളുടെ അച്ഛനായിരുന്നില്ല. നാട്ടുകാരുടെ കണാരേട്ടന്‍ മാത്രമായിരുന്നു. അവര്‍ എല്ലാവരോടും കൂടി വന്നു... പിന്നെ പോയി.. എല്ലാം തന്നിട്ടു പോയി.....
മോതിരവിരല്‍ കൈയിലമര്‍ന്നു.... ഒരു ദീര്‍ഘ നിശ്വാസത്തിനൊടുവില്‍ കണ്ടത് പ്രസിഡണ്ട് ബാങ്കിലേക്ക് കയറി വരുന്നതാണ്. പലരോടും സംസാരിച്ചും ജോലിക്കാരോട് കര്‍ശനമുറകള്‍ കാണിച്ചും മുറിയിലേക്ക് പോയി. പിന്നെ തിരക്കുളായിരുന്നു. എപ്പോഴാണാവോ കാണാന്‍ പറ്റുക...
“ ഉച്ച കഴിഞ്ഞു. ഇനീം ഇവിടെ ഇരിക്കാനാ പരിപാടി .. വെല്ല്യമ്മക്ക് പോയി പ്രസിഡണ്ടിനെ കണ്ടുകൂടേ..” ആ ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ടു പോയി. പിന്നെ മുറിയുടെ വാതില്‍ തുറന്നു പിടിച്ച്.... “സാറേ.. ഒരാള് കാണാന് ണ്ട്.. ആ കണാരേട്ടന്റെ...........” എന്ന് വിവരമറിയിച്ചു.
അകത്തു കടന്നു.. ആപ്പീസ് തിരക്കില്‍ നിന്ന് തലയുയര്‍ത്തി ചോദിച്ചു.. “പറയൂ കല്ല്യാണിയമ്മേ..”
പണയം വെച്ച മോതിരം എടുക്കാന്‍ വന്നതാ...
എന്നിട്ട്...?
മോതിരം ലേലം ചെയ്തൂത്രേ...
അല്ലാണ്ട് പിന്നെ എന്താ ചെയ്യാ എന്റെ കല്ല്യാണിയമ്മേ... വര്‍ഷെത്രായീന്നറിയോ...
എത്ര ലേലക്കത്തയച്ചു. അതും കണാരേട്ടന്റെ വിധവയായോണ്ട്. ബാങ്കിന്റെ ചിട്ടകള്‍ എത്രേന്ന് വച്ച് തെറ്റിക്കും. വേറേ വഴിയില്ലാത്തോണ്ടാണ് ‍ കല്ല്യാണിയമ്മേ...
“നരേന്ദ്രാ..” പരിക്ഷീണിതയായിട്ടാണെങ്കിലും അങ്ങനെ വിളിച്ചു പോയി..
“ന്റെ കയ്യില് ‍മൊതലും പലിശേംണ്ട് .”
ഇനിയിപ്പോ എന്തിനാ കല്ല്യാണീയമ്മേ പണം ? അത് ഞങ്ഗള്‍ക്ക് നേരത്തെ കിട്ടിയല്ലോ.. എല്ലാത്തിനും അതിന്റെ നേരംണ്ട്. ആ നേരത്ത് തന്നെ നടക്കണം.
കണാരേട്ടനുള്ളപ്പൊ തല പുറാത്ത് കാട്ടീട്ടില്ല ഞാന്‍ . അത് കണാരേട്ടന്റെ കാലമായിരുന്നു. ഇപ്പൊ എന്റെയാണ് കല്ല്യാണിയമ്മേ നേരം.. സ്വര്‍ണ്ണം ലേലം ചെയ്ത് പോയില്ലേ.. ഇനി പൊയ്ക്കോളൂ..
പുറത്തിറങ്ങിയപ്പോള്‍ നിഴലുകളൊന്നും തെളിഞ്ഞിരുന്നില്ല. .. ഇരുട്ടാ‍യിരുന്നു. നടന്നോ നിന്നോ എന്നറിയില്ല.
“വെല്ല്യമ്മേ.. ഇനിയൊരു കാര്യംണ്ട് ചെയ്ത് നോക്കാന്‍.” ആ ചെറുപ്പക്കാരനാണ് . ‍
“ഞാന്‍ ഊണു കഴിക്കാന്‍ പോവ്വാ.. പോകണ വഴീലാ തോമാസ് ഈപ്പന്റെ വീട്. അയാളാ അന്ന് സ്വര്‍ണ്ണം ലേലം ചെയ്ത് കൊണ്ട് പോയത്. വെല്ല്യമ്മയൊന്ന് കരഞ്ഞ് പിഴിഞ്ഞ് നോക്ക്.. കിട്ട്വോന്നറിയില്ല..”
അവന്റെ കൂടെ നടന്നു.. മനസ്സിലെന്തൊക്കെയോ തിങ്ങി നിറയുകയായിരുന്നു. ശരീരത്തിന് ആരോഗ്യക്കുറവെങ്കിലും മനസ്സ് ദൃഢമായിരുന്നു.. എല്ലാം അവരുടെ ശിക്ഷണമാണ് . തളര്‍ന്നിരുന്നില്ല. അവരുണ്ടായിരുന്നു ഓരോ നിമിഷവും കൂടെ... മക്കള്‍ നാടു വിട്ടുള്ള താമസത്തിന് വിളിച്ചപ്പോഴെല്ലാം ഇവിടെ തന്നെ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു................... ഇപ്പോള്‍ .. തളരുന്നുണ്ടോ..
“ആരു ലേലത്തിനു വന്നാലും ഇവര്‍ക്കാ വെല്ല്യമ്മേ കിട്ട്വാ.. പ്രസിഡണ്ടിന്റെ സ്വന്തം ആളാ.. ടൌണില് സ്വര്‍ണ്ണക്കടകള്‍ നാലാ...”
വലിയ ഗേറ്റ് തുറന്ന് അകത്ത് കടന്നു. പൂമുഖത്തിരുന്ന മധ്യവയസ്കനോട് ചെറുപ്പക്കാരന്‍ കാര്യം അവതരിപ്പിച്ചു.‍
അയാള്‍ ഒന്നു ചിരിച്ചു. ഉറക്കെ തന്നെ......
“ഇതിപ്പൊ രണ്ടാഴ്ചയായില്ലേ.. .. ഉരുക്കി ഉരുപ്പടിയാക്കിക്കാണും.. അല്ലേലും എന്തിനാ പഴയത്.. പണമുണ്ടല്ലോ..... നമ്മുടെ കടയില്‍ പൊയ്ക്കോളൂ..സ്വര്‍ണ്ണവും മോഡലും പുതിയതു തന്നെ ആയിക്കോട്ടേ..”
ചെറുപ്പക്കാരന്‍ തിരിച്ചു വന്നു..” ഉരുക്കിയില്ലേ .. ഒന്നും ചെയ്യാനില്ല”
അതെ.. പഴയത് കിട്ടാനില്ല. എല്ലാം പുതിയതായി....
ഗേറ്റ് തുറന്ന് ഇനി ഞാന്‍ പൊയ്ക്കോട്ടെ എന്നു പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നപ്പോള്‍ തിരിച്ചു വിളിക്കണമെന്നു തോന്നി.
ഒരു കൂട്ടില്ലാതെ എങ്ങനെയാണ് ..............‍ ‍ ‍‍
.
ഓര്‍മ്മകള്‍.. സ്വപ്നങ്ങള്‍

പുസ്തകത്താളിലൊളിപ്പിച്ച
മയില്‍ പീലിയിലെ തിളങ്ങുന്ന
വര്‍ണ്ണങ്ങളാകണം
ഓര്‍മ്മകള്‍
ഘനീഭവിച്ച ഇന്നലെകളില്‍
പെയ്തിറങ്ങുന്ന
അശ്രുകണങ്ങളാകണം
ഓര്‍മ്മകള്‍

ഓര്‍മ്മകളുടെ നിഴല്‍പ്പാടുകള്‍ തീര്‍ത്ത
പ്രകാശരേഖകളില്‍ മെനയണം
സ്വപ്നങ്ങള്‍

ഹൃദയ മര്‍മ്മരങ്ങളുള്ള
നിലാവിന്റെ നിറവിലാകണം
സ്വപ്നങ്ങള്‍

ഓര്‍മ്മകളുള്ളവര്‍
വേനല്‍ പൂക്കളെപോലെ
നിറമുള്ള സ്വപ്നങ്ങള്‍ക്കവകാശികള്‍

കണ്ണിമാങ്ങയും
പുളിങ്കുരുവും
ആമ്പല്‍ പൂവിലെ മഞ്ഞുതുള്ളിപോലെ
നിറകണ്ണുകളും
പിന്നെ,
ഓര്‍മ്മകള്‍ക്കിപ്പുറം,
കടമെടുക്കാനൊരു മനസ്സും
ഹൃദയത്തിലലിയുന്ന
നനുത്ത വാക്കുകളും
വന്യതകളിലെ ഇടവഴികളും
സ്വപ്നങ്ങള്‍
പ്രണയപൂര്‍വ്വം..

നിന്നോടെനിക്ക് പറയാനുള്ളത്,
നിഴലുകള്‍ക്കിടയില്‍ നിറഞ്ഞു തൂവിയ
നിന്നെകുറിച്ചു തന്നെയാണ്

വാനില്‍, നിലാവില്‍
ദേശാടനക്കിളികള്‍ ഒഴുകുമ്പോള്‍
നിന്റെ നനുത്ത ശബ്ദമുണ്ടായിരുന്നു കൂട്ടിന്.

വെണ്മേഘക്കീറുകളില്‍
നീ യാത്രയാവുന്നതുകാണാന്‍
ഞാനീ മണല്‍പ്പരപ്പില്‍ മലര്‍ക്കും;
നിര്‍വൃതി, കണ്ണീര്‍ത്തുള്ളിയുടെ
തപസ്പര്‍ശം..

അപ്പോഴും,
എന്റെ നിറക്കൂട്ടിലെ സാന്ധ്യ വര്‍ണ്ണങ്ങളില്‍
പെയ്തിറങ്ങുന്ന തൂമഞ്ഞായ് നീ..
നനഞ്ഞ സ്ലേറ്റില്‍ വരഞ്ഞ്
പിന്നെ തെളിഞ്ഞ്
പിന്നെ മായാത്ത ചിത്രം പോലെ
നിന്റെ നിറ പുഞ്ചിരി.

നിളയിലിവിടെ,
നീര്‍വറ്റിയ ആഴങ്ങളുടെ ഉയര്‍ച്ചകളില്‍ നിന്ന്
പുഴയ്ക്കരികു പറ്റിയ പച്ചകള്‍ക്കപ്പുറത്തേക്ക്
ഞാനൊഴുകുമ്പോഴെല്ലാം
തണുപ്പുള്ള ഇളം കാറ്റുപോലെ,
കുളികഴിഞ്ഞുള്ള കാച്ചെണ്ണമണം പോലെ,
നിന്റെ സ്നിഗ്ദ്ധതയുണ്ടായിരുന്നു ..

നിന്നെ കുറിച്ചു ഞാന്‍ ചോദിച്ചത്
വൈശാഖത്തിനൊടുവില്‍
നമ്മുടെ കാവില്‍നിന്നും പറന്നുമറയുന്ന
ദേശാടനക്കിളികളോട് മാത്രമാണ്

ഞാനുമുണ്ട് കൂടെയെന്ന്
പറയാനായില്ലെനിക്ക്;
വാക്കുകള്‍മുറിഞ്ഞ് ഞാന്‍ പറന്നിരുന്നു.

പറന്നറിഞ്ഞ ദേശങ്ങളെല്ലാം
ഓര്‍മ്മകളുടെ കൂടാരങ്ങളായപ്പോള്‍
ഞനറിഞ്ഞതും നിന്നെ മാത്രമായിരുന്നു.
അതുകൊണ്ടാവാം, എന്റെ ദേശാടനം
ഈ പുഴക്കരയില്‍നിന്നും
ഈ പുഴക്കരയിലേക്കു തന്നെയായതും

ഞാനൊരര്‍ജ്ജുനനാവണമെന്ന്
നിന്റെ മോഹമായിരുന്നു, എന്റെയും..
-വില്ലാളിയല്ലെന്നറിഞ്ഞിട്ടും.
എന്നെങ്കിലുമൊരുനാള്‍,ഞാനൊരു
കടല്‍ത്തിരയുടെ ശക്തിയാവുമെന്ന്
ഹൃദയവാക്യമെഴുതിയപ്പോള്‍
തിരകളെണ്ണുകയായിരുന്നു നീ..

എന്നിട്ടും..നീ
എന്നേയും തേടി
തിരമാലയിലേക്കിറങ്ങിയതെന്തിന്?

മനസ്സു കിനിഞ്ഞ്,
തപമാര്‍ന്ന ജലം വീഴുമ്പോള്‍
നീറ്റലുണ്ട്,നിശ്ശബ്ദതക്ക്

ഈ പുഴ നിറയും..
മലകളുടെ കദനങ്ങളുമായി
കടലിന്റെ സാന്ത്വനം കേള്‍ക്കാന്‍
പുഴയൊഴുകും.
അപ്പോള്‍, ഈ താളുകള്‍‍ക്കൊപ്പം
എന്‍ കരള്‍പൂക്കള്‍ ഞാന്‍ പരിച്ചിടാം..
നിന്നിലേക്കൊഴുകാം,
ഈ പുഴയില്‍ നിനക്കായ്..