Saturday, April 4, 2009

തീവണ്ടിയാല്‍ ചില വേര്‍പാടുകള്‍ ......

പകല്‍ മുഴുവന്‍ വെയിലൊപ്പിയ പച്ചകളെ പുണര്‍ന്നും തഴുകിയും ഇളം ചൂടുള്ള കാറ്റ് , തുറന്നിട്ടജനലിലൂടെ ഓടുന്ന ട്രെയിന്‍ എഞ്ചിന്റെ ക്യാബിനില്‍ വന്ന് ഞങ്ങളെ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി ധൃതിയില്‍ കടന്നു പോയി. പാടവും പനകളും അരുവികളും കൊണ്ട് ഹരിതാഭമായ റെയിലോരക്കാഴ്ചകള്‍... നെല്ലും പച്ചക്കറികളും ചോളവും കരിമ്പും വിളയുന്ന പാടവരമ്പിലൂടെ റെയിലോരപാതയിലേക്ക് നിരയിട്ടടുക്കുന്ന ചെറുസംഘങ്ങള്‍... റെയിലിനുസമാന്തരമായ അവരുടെ യാത്രക്ക് തിടുക്കത്തിന്റെ താളമുണ്ട്.
കുഞ്ഞുങ്ങള്‍, അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്.... ഇരുട്ടു പടരുമ്പോള്‍ വീട്ടിലെത്തി പുലരുമ്പോള്‍ തിരിക്കും വരെ ഇനിയെന്തൊക്കെ....
വിസില്‍ ബോര്‍ഡ്....വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍...
റൈറ്റ്... വിസില്‍ ബോര്‍ഡ്.. വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍... അങ്ങനെയാണത്. ബോര്‍ഡുകളും സിഗ്നലുകളും ആദ്യം കണ്ടയാള്‍ വിളിച്ചു പറഞ്ഞത് അടുത്തയാള്‍ കണ്ട് ഉറപ്പു വരുത്തി ആവര്‍ത്തിക്കുന്നു.മുന്നിലേക്കുള്ള പാളത്തിന്റെ വളവും വശങ്ങളിലെ മരങ്ങളുടെ ചില്ലകളും ചേര്‍ന്ന് പാളത്തിലേക്കുള്ള കാഴ്ച അവ്യക്തമാക്കിയിരുന്നു. പിന്നെ വിസിലടിയാണ്. അറുനൂറു മീറ്റെര്‍ മുന്‍പ് വെച്ച ബോര്‍ഡ് മുതല്‍ മുന്നില്‍ നിവര്‍ന്നറെയില്‍ പാളങ്ങള്‍ ദൂരേക്ക് കാണും വരെ.
വെയില്‍ മങ്ങി വെളിച്ചം കുറയാനെടുത്തത് വളരെ കുറഞ്ഞ സമയമാണ് .ഹെഡ് ലൈറ്റിന്റെ പ്രകാശം പാളങ്ങളെ കൂടുതല്‍ തെളിയിച്ചപ്പോള്‍ റെയിലിനോട് ചേര്‍ന്ന ഒറ്റയടി ചെമ്മണ്‍ പാതയിലെ യാത്രക്കാരെയടക്കം എല്ലാം കാണുന്നുണ്ട്. വണ്ടിയോട്ടത്തിനിടെ കാണുന്നതെന്തും അനുനിമിഷം മാറുമെന്നതിനാല്‍ മന:പൂര്‍വ്വമൊരു വിശകലനമോ കാഴ്ചയിലെ വ്യത്യസ്തതയോ മാത്രമാണ് അവ മനസ്സിലേക്ക് വീണ്ടുമെത്താന്‍ കാരണമാവുക.
വലത്തെ ഒക്കത്ത് കുഞ്ഞിനെയെടുത്ത് ഒരു പെണ്‍കുട്ടിയോടൊത്ത് , സാരിയുടുത്ത സ്ത്രീ റെയില്‍പ്പാതയുടെ ഇടതുവശം ചേര്‍ന്നു നടന്നു. വളരെ തിടുക്കത്തിലാണവര്‍ നടന്നത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരിന്നു.ചേര്‍ന്നുനടന്നവരൊന്നായി ഒരു കാറ്റ് ചൂഴ്ന്നെടുത്തുവെച്ച പോലെ പാളത്തിലേക്കു കടന്നു. പെണ്‍കുട്ടിയെ തോളീല്‍ പിടിച്ച് താഴേക്കമര്‍ത്തി, കുഞ്ഞിനെ മാറോടണച്ച് കുനിഞ്ഞ് ട്രെയിന് അഭിമുഖമായി ഇരുന്നു.
ഏറെ കണ്ടതെങ്കിലും ഹൃദയമിടിപ്പ് കൂടിയ നിമിഷങ്ങള്‍..... ഉള്ളം കൈ വിയര്‍ത്തു... തൊണ്ട വരണ്ടു.. നാലു വിസില്‍ നോബുകളിലും കൈകളമര്‍ന്നു. കാതുകള്‍ ചൂളം വിളിച്ചു.
വിസിലിന്റെ കാതടപ്പിക്കുന്ന ശബ്ദം അവരുടെ കാതുകളീലേക്കോ ട്രെയിന്റെ വേഗതവേറിയ വരവ് അവരുടെ കണ്ണുകളീലേക്കോ കയറില്ല , തീര്‍ച്ച‍‍. കുറഞ്ഞതെങ്കിലും മണിക്കൂറില്‍ എഴുപത്തഞ്ച് കിലോമീറ്റര്‍ വേഗതയിലോടുന്ന വണ്ടിക്ക് എമെര്‍ജന്‍സി ബ്രേക്ക് ചെയ്താലും അവരുടെ തീരുമാനങ്ങളേ നടക്കൂ. എങ്കിലും ചെയ്യാതിരുന്നില്ല.
കാഴ്ചയില്‍ അവര്‍ വണ്ടിക്കടിയിലേക്കാഴ്ന്നപ്പോള്‍ ഇരുമ്പില്‍ ഇരുമ്പുരയുന്ന കീറ്റലുകള്‍ക്കു മീതെ പതിഞ്ഞ ധട്... ധട് ധട് ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നില്ല. ഞങ്ങള്‍ പരസ്പരം നോക്കി. . നെടുവീപ്പുകളുയര്‍ന്നു, എല്ലാം കഴിഞ്ഞല്ലോന്ന്......‍കാലില്‍നിന്നുള്ള തരിപ്പും വിറയലും... ആകെയൊരു വിയര്‍ക്കല്‍...
ഇരുമ്പു കരിഞ്ഞ മണത്തോടെ പിടിച്ചു നിര്‍ത്തിയ പോലെ വണ്ടി നിന്നു.
ഇനി....? നിര്‍ത്താതെ പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. നടന്നതെ പറ്റി ചിന്തിക്കേണ്ട. അശുഭ കാഴ്ചകളുണ്ടാവില്ല . പക്ഷേ.. ഒരു ലോക്കോ പൈലറ്റിന് ഇനിയുള്ളതും ജോലിയുടെ ഭാഗമാണല്ലോ..
കുപ്പിവെള്ളം വാ പൊളിച്ച് ഒഴിച്ച് തീര്‍ത്തു. തൊണ്ടയിലൊരു കടലിരമ്പമായി അത് ഇറങ്ങാതെ നിന്ന പോലെ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റിനോട് പറഞ്ഞ് ലോക്കോയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇരുട്ട് കനത്തു പടര്‍ന്നിരിക്കുന്നു. വഴിവിളക്കിലെ പ്രകാശമുണ്ട്. ഉയര്‍ന്ന റെയില്‍ പാതക്കു താഴെ ഒറ്റയടിചെമ്മണ്‍ പാതയിലൂടെ ടോര്‍ച്ച് തെളിയിച്ച് നടന്നു. എവിടെ മനസ്സു മരവിക്കുന്ന ആ കാഴ്ചകള്‍... എവിടെ, കടുത്ത തീരുമാനങ്ങള്‍ക്കു വേണ്ടി തിളച്ച ചോരയുടെ പാടുകള്‍.. സ്വാതന്ത്ര്യം കണ്ടെത്തിയ രൂപമൊക്കാത്ത മാംസപിണ്ഢങ്ങള്‍... ?‍ ഇനി അമ്മയും മക്കളുമൂണ്ടോ..? അംഗഭംഗം വന്ന ശവങ്ങള്‍ മാത്രം. എവിടെ.... കണ്ടെത്തിയേ പറ്റൂ...
അവിടവിടെ ആരൊക്കെയോ ടോര്‍ച്ച് തെളിയിക്കുന്നുണ്ട്. നാട്ടുകാരാണ് . അവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. “സാറേ...... ഇവിടെയുണ്ട്...” പന്ത്രണ്ടാമത്തെ കോച്ചിനു ചുറ്റും ചിലര്‍ കൂടി നിന്ന് വിളീച്ച് പറഞ്ഞു. പുറത്തെ ഇരുട്ട് ആരൊക്കെയോ കണ്ണിലേക്ക് തള്ളിക്കയറ്റിയോ....... എത്ര ആഞ്ഞിട്ടും കാലുകള്‍ ഉയരാത്ത പോലെ.. നടന്നിട്ടും എത്തുന്നില്ല....
പലപ്പോഴായി കണ്ടിട്ടുള്ളതു കൊണ്ടാവാം കോച്ചിനോടടുക്കവേ മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു.
കൂടിനിന്നവര്‍ അകന്ന് വഴി കാണിച്ചു.
ഞളുങ്ങിയ ലോഹവളകളുള്ള അറ്റ വലതു കൈ... പിന്നിപ്പറിഞ്ഞ ദാവണിയോടെ ചതഞ്ഞ നെഞ്ചും പിളര്‍ന്ന തലയുമായി റെയിലുകള്‍ക്കിടയില്‍ ഓരത്ത് അവള്‍ കിടന്നു. ഒരു ശബ്ദം കേള്‍ക്കുന്നുണ്ടോ.. ? ഒരു കുഞ്ഞു നിലവിളി... ഉണ്ട്. അമ്മേ എന്ന് മുഴുവന്‍ വളരാത്ത വിളി. റ്റോര്‍ച്ചടിച്ചപ്പോള്‍ റെയിലിനകത്ത് കുറുകെ ചുരുണ്ടു കിടന്ന ഇരുണ്ട സാരിക്കകത്ത് ഒരു അനക്കം മാത്രമുണ്ട്. എല്ലാവരുടേയും റ്റോര്‍ച്ചുകള്‍ ആ ശബ്ദത്തിലേക്ക് തെളിഞ്ഞു. സാരിക്കുള്ളീലെ അനക്കവും നിലവിളീയുമല്ലാതെ മറ്റൊന്നും കണ്ടില്ല. കുറച്ചു നേരം ആരുടേയും കാലുകള്‍ അനങ്ങിയില്ല. ശബ്ദമുയര്‍ന്നില്ല.
അതാ.... സാരിക്കുള്ളിലെന്തോ തിരഞ്ഞുകൊണ്ട് അവന്‍ പുറത്ത് വരുന്നു.. കരഞ്ഞു കരഞ്ഞു ഒരു കുഞ്ഞു മോന്‍.
കൈ കൊണ്ട് തടഞ്ഞു നോക്കി അവന്‍ കരഞ്ഞു വിളിച്ചു. സാരിക്കുള്ളീലൊരു രൂപമവന്‍ കണ്ടില്ല. ചിരപരിചിതമായതൊന്നും കാണാതെ ചുറ്റിലും തെളിച്ച ചെറിയ പ്രകാശ വട്ടങ്ങളിലേക്ക് നോട്ടമെത്താതെ നോക്കി... പിന്നെയും അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
ഒരു നിമിഷം ഹൃദയം നുറുങ്ങി.... കാണേണ്ടിവരുന്നല്ലോന്ന് വിധിയെ പ്രാകി.. കൈയിലെ ടോര്‍ച്ച് ഊര്‍ന്ന് താഴെ വീണു. കരിങ്കല്ലില്‍ കാല്‍മുട്ടു കുത്തി എന്റെ കൈകള്‍ അവനിലേക്ക് വളര്‍ന്നു..
കൈകളിലേക്കവന്‍ പറന്നു വീണു... ശബ്ദമില്ലാത്ത ഏങ്ങലടിയില്‍ അവന്റെ വയറമര്‍ന്നും വാ പിളര്‍ന്നുമിരുന്നു. ദേഹത്തു ചേര്‍ന്നപ്പോള്‍ ശ്വാസമില്ലാത്ത, ശബ്ദമില്ലാത്ത നിലവിളീയോടൊപ്പം എന്നെ അള്ളിപ്പിടിച്ച് കിടന്നു.
എത്രയിടത്തുനിന്നു ചേര്‍ത്താലാണവന്റെ അമ്മയുണ്ടാവുക.....
ഇല്ല.. അവനായി ചുരന്ന മുലകളില്ലാതായി...... കൈ പിടിച്ച് നടത്താന്‍ ‍ലോഹവളകളിട്ട ചേച്ചിയുടെ കൈകളിനിയില്ല....... പകച്ച കണ്ണുകളില്‍ അവനെന്തു കണ്ടു..? തന്റേതെല്ലാം പൊയ്പ്പോയെന്നവന്‍ അറിഞ്ഞു കാണുമോ.....
മുറിഞ്ഞും ചതഞ്ഞും വികൃതമായ രൂപങ്ങളെ പെറുക്കിക്കൂട്ടി അമ്മയെന്നും ചേച്ചിയെന്നും പേരിട്ട് റെയിലിനുവെളിയില്‍ ചേര്‍ത്തു വെച്ചു. കുഞ്ഞിനെ അടര്‍ത്തി ഒരു ഓഫ് ഡ്യൂട്ടി റെയില്‍ വേ സ്റ്റാഫിനൊപ്പം ഗാര്‍ഡ് വാനില്‍ കയറ്റി. കീറിമുറിഞ്ഞ അവന്റെ കരച്ചില്‍ ഉള്ളിലേക്കിനിയുമിറങ്ങാതിരിക്കാന്‍ ചെവികളമര്‍ത്തി പൊത്തി ഞാന്‍ എഞ്ചിനിലേക്ക് നടന്നു. ഇനിയുമോടാനുണ്ടെത്രയോ..............