Sunday, December 15, 2013

വിടവാങ്ങുന്നവര്‍



           വിടവാങ്ങുന്നവര്‍


      നീണ്ട നാളത്തെ ഇടവേളക്കു ശേഷം കുഞ്ഞ്യേച്ചിയെ കണ്ടപ്പോൾ സാധാരണ കാണാറുള്ള പുഞ്ചിരിക്കുന്ന മുഖമായിരുന്നില്ല, മറിച്ച് അപരിചിതരോടുള്ള ഒരകല്ച്ച മനസ്സിലുള്ളതു പോലെ.. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഒന്നമ്പരക്കും മുൻപേ  സങ്കടം തിങ്ങാൻ തുടങ്ങിയ മുഖം തിരിച്ച് അവർ അകത്തേക്ക് പോയി.
      ഞങ്ങളെത്തുമ്പോഴെല്ലാം കൂട്ടു പ്രവർത്തനങ്ങളിലെ കുറ്റവും കുറവും പറഞ്ഞ് ചൊടിപ്പിക്കാൻ സമയം കണ്ടെത്തിയ ശേഷമേ ചായയെടുക്കാൻ അകത്തു പോകാറുള്ളൂ. ആളാണു  ഇതിപ്പൊ ഇങ്ങനെ....     കൂടെയുള്ള സുബ്രനും വിനോദനും ഇതൊന്നും അറിഞ്ഞതേയില്ല. മറ്റൊന്നുമല്ല, ഒരൊറ്റ നേർക്കാഴ്ചയിൽ ഉള്ളിലുള്ളതുയർന്ന് മുഖത്തു പടർത്തി നീലിപ്പിച്ചത് എന്റെ മുഖത്തു നോക്കിയായിരുന്നല്ലോ..
   കുരുത്തോലയിൽ തത്തക്കു ചിറകു ഞൊറിയുന്ന വിനോദനും നെറ്റി കൂടിയ, പുളിങ്കുരു മൂക്കുള്ള മുടി പകുത്തു കെട്ടിയ പെൺകുട്ടിയെ കഷണ്ടിത്തലയിൽ നിന്നും പുറത്തിറക്കി പോസ്റ്റർ പേപ്പറിലേക്ക് പകർത്തുന്ന സുബ്രനും തകൃതിയിലാൺ. കുളി കഴിഞ്ഞ് ഇറയത്തേക്കു വന്ന രവി എന്നെ ഉണർത്തുകയായിരുന്നു.   ബോസേ നീയെന്താ ഇങ്ങനെ അമാന്തിച്ചു നിക്കണേ.. ചാർട്ട് പേപ്പർ മുറിച്ച് വളണ്ടിയർ ബേഡ്ജ് ഉണ്ടാക്കികൂടെ..? എംബ്ളവും റെഡ് സ്റ്റാർ ക്ളബ് ഒൻപതാം വാർഷികം എന്ന എഴുത്തും വിനോദൻ ചെയ്തോളും.
മൂന്നു മാസത്തെ പരിശീലനം തുടങ്ങിയതോടെ ജോലി ലഭിച്ചതിന്‍റെ ആവേശത്തിമര്‍പ്പ് കഴിഞ്ഞു.നാടും നാട്ടുകാരും കൂട്ടു കൂടലും മറ്റുംകണ്ണിൽ നിന്നൊഴിച്ച് മനസ്സിലൊതുക്കാനവാതെകഷ്ടപ്പെട്ട കാലം. ജോലിയുടെ പരിശീലനമെന്നതിനേക്കാൾ ഇതൊന്നുമില്ലാതെ ജീവിക്കാനുള്ള തയ്യാറെടുപ്പു മാത്രമാണു ഇത്രയും കാലമെന്നുവിശ്വസിക്കാനാണു ഞാൻ ശ്രമിച്ചത്.
    പരിശീലനശേഷം ആദ്യത്തെ അവധി..ആഘോഷമെന്നത് ഈ കൂട്ടു കൂടലാൺ.കാലത്തേ വീട്ടിൽ നിന്നിറങ്ങി.ക്ളബ് വാർഷികത്തിന്റെ തയ്യാറെടുപ്പുകൾ.ചതുപ്പു നിലം താണ്ടി വിളമണ്ണിലെത്തിപ്പെട്ടതിന്റെ ആശ്വാസമുണ്ടായിരുന്നു .              ആ ഫലഭൂയിഷ്റ്റതയിലെ ആദ്യത്തെ ശ്വാസമെടുത്തു തീരും മുൻപേയാണു കുഞ്ഞ്യേച്ചിയുടെ വക ഈ തീ കോരിയിടൽ. 
  ചായ വെച്ചിട്ടുണ്ട്. അതില്ലാത്തേന്‍റെ പേരിൽ വര വളയണ്ടാ സുബ്രാ... കുഞ്ഞ്യേച്ചി ഇറയത്തേക്കെത്തി.  ആ ക്ടാവ്നൊരു കമ്മലിട്ടു കൊടുത്തൂടെ നിനക്ക്..?
 “സ്വർണ്ണത്തിനൊക്കെ വല്ല്യ വെലയാ മാഷേ..” സുബ്രുവിന്റെ ഉപ്പേരി.
   എനിക്ക് മുഖമുയർത്താനൊരു മടി. ആ നോട്ടം എങ്ങിനെയായിരിക്കും..? അസുഖകരമായതായിരിക്കും അടുത്ത നിമിഷങ്ങൾ എന്ന അസ്വസ്ഥതതയോടെ പേപ്പർ വെട്ടിക്കൊണ്ടിരുന്നു.
“നമ്മടെ ബോസിനെ കണ്ടപ്പഴേ..ന്റെ ഉള്ളിലൊരു പെടച്ച്ല്. റെയില്വേ സ്റ്റേഷനാ ഓർമ്മ വന്നത്. പ്പഴും സങ്കടാ പോയ്റ്റ്ല്യാ..”
“അതാപ്പ ഇണ്ടായേ.. കൂട്ടത്തിലൊരുത്തനു ജോലി കിട്ടീന്ന് സന്തോഷിക്കുമ്പോ..“  വിനോദന്റെ കമന്റ്.
”അതല്ലടാ.. അവന്റെയല്ല, എന്റെ കാര്യത്തിലാ ...“ കരിമേഘകംബളം വലിച്ചിട്ട് സൂര്യനൊളിക്കുമ്പോൾ വെളിച്ചവും നിഴലുകളും ഒന്നു ചേർന്ന് മങ്ങുന്നതു പോലെ കുഞ്ഞ്യേച്ചിയുടെ സംസാരം സാവധാനവും ശബ്ദം പതുക്കെയുമായി..ഇപ്പൊ നിന്നുപോകുമെന്ന മട്ടിൽ.
“കുഞ്ഞ്യേച്ചി സെന്റിയടിക്കാൻ പോണേയ്..” അല്പം തമാശയായി രവി പറഞ്ഞെങ്കിലും കഥകളുടേയും ഓർമ്മകളുടേയും ജീവിത സമസ്യകളുടേയുമൊരു വൻ കൂടായ ചേച്ചിയുടെ സ്വാനുഭവ വിവരണങ്ങൾക്ക് എന്നത്തേയും പോലെ അന്നും സാകൂതം ഞങ്ങൾ ഇരുന്നു കൊടുത്തു.
  ആറിൽ പഠിക്കുമ്പോളാ ഒരു വെള്ള്യാഴ്ച പീതംബരൻ മാഷ്ടെ ആദ്യത്തെ പിരീഡ് കഴിയും മുൻപേ ചേട്ടൻ വന്ന് എന്നെ വീട്ടില്ക്ക് കൊണ്ടോയത്. കണക്കു മാഷ്ടെ കിഴുക്കു ക്ളാസ്സീന്ന് രക്ഷിച്ച ചേട്ടനോട് നന്ദി തോന്നി.വീട്ടിലെത്തിയപ്പോ സാധാരണ ഇല്ലാത്ത ഒരു തിക്കും തെരക്കും. അടുത്ത ചില ബന്ധുക്കൾ വന്നിട്ടുണ്ട്.ആണുങ്ങൾ  കോലായിലും പെണ്ണുങ്ങൾ അടുക്കളയിൽ പലേ പണികളിലും.അച്ചാറുണ്ടാക്കുന്നു, അവൽ വിളയിക്കുന്നു..എന്നു വേണ്ട, തെരക്കോടു തെരക്കെന്നെ.. ഒടുവിൽ അമ്മയിൽ നിന്നു തന്നെ വിവരം കിട്ടി. ചേട്ടനു വിസ റെഡ്യായീത്രെ.നാളത്തെ വണ്ടിക്ക് ബോംബെക്ക്.ഒരു മാസത്തിനകം അവട്ന്ന് ദുബായിലിക്ക്.“ മോളെ ഇനിയെന്ന് കാണാനാവുമെന്ന് പറഞ്ഞ് വിഷമിച്ച് അവൻ തന്നെയാ നിന്നെ കൊണ്ടു വരാൻ തീരുമാനിച്ചത്.ഇന്നു മുഴുവൻ അവൻ കുഞ്ഞു പെങ്ങളെ കാണട്ടെ” അമ്മ എല്ലാവരും കേൾക്കാൻ നീട്ടിയാ പറഞ്ഞത്.
 ഹോർലിക്സിന്റെ കാർഡ് ബോർഡ് പെട്ടിയിൽ സാധനങ്ങൾ വെച്ച് കയറു കൊണ്ട് വരിഞ്ഞു കെട്ടി, കാറിന്റെ ഡിക്കിയിൽ വെച്ചു.തുണികളും മറ്റുമായി ഒരു ബാഗ് ചേട്ടൻ കൈയിൽ കരുതി.കണ്ണീരോടെ അമ്മയും മറ്റുള്ളവരും ചേട്ടനെ യാത്രയാക്കി.ചേട്ടനും കൂട്ടുകാരനും ഭാസ്കരമ്മാവനും പിന്നെ ഞാനും കാറില്‍കയറി.
സ്റ്റേഷനില്‍ വലിയ          തിരക്കുണ്ടായിരുന്നില്ല. യാത്ര പോകുന്ന ഒന്നോ രണ്ടോ പേരും യാത്രയാക്കാൻ വന്ന കുറേയാളുകളുമായി രണ്ടോ മൂന്നോ കൂട്ടങ്ങൾ. ഞങ്ങളുടേത്  നാലു പേരുടെ ഒരു ചെറിയ കൂട്ടം.ചേട്ടൻ എന്നെ കൈകൊണ്ട് അടുപ്പിച്ച് ചേർത്തു നിർത്തി. വണ്ടി വന്നു.ചേട്ടൻ കയറി ബാഗും പെട്ടിയും വെച്ച ശേഷം ജനലിലൂടെ കൂട്ടുകാരനോടും അമ്മാവനോടും എന്തൊക്കെയോ പറഞ്ഞു. “നല്ലോണം പഠിക്കണംട്രീ..” എന്നോട്. വണ്ടി പുറപ്പെട്ടു.വീശിക്കൊണ്ടിരുന്ന കൈകൾ അകത്തേക്കു ചെറുതായി.ഉള്ളീൽ നിന്നൊരു ഒഴിഞ്ഞു പോക്ക് അപ്പോഴാണു തോന്നിയത്.ഇനിയെന്ന് കാണാനാകുമെന്നറിയില്ല.ഒരു പാടു നാളേക്കുള്ളതൊന്നും ഞനോ എന്നോടോ സംസാരിച്ചില്ലല്ലോ..അങ്ങനെയൊന്നു മനസ്സിൽ വെച്ച്  ചേട്ടന്റെ മുഖം പോലും ഞാൻ നോക്കിയില്ല. കരച്ചിൽ വന്നു.മാമൻ ചോദിക്കും മുൻപേ​‍ീനിക്കിപ്പൊ ചേട്ടനെ കാണണംന്ന്‍ ഒരു കരച്ചിലായിരുന്നു. നിലത്തിരുന്നു, വാശിയായി.എങ്ങനെയൊക്കെയോ സമാധാനിപ്പിച്ച് എന്നെ തിരിച്ച് കൊണ്ടുപോന്നു.
പെട്ടന്നൊരു മാഞ്ഞു പോകലായിരുന്നു അത്. വേണ്ടപ്പെട്ടവരേയെല്ലാം വലിച്ചെടുത്ത് നമ്മിൽ നിന്ന് അകറ്റുകയാണു ആ നെടുനീളൻ വണ്ടി.ഇടറി മുറിഞ്ഞ യാത്രാ മൊഴികളുടേയും നിറഞ്ഞു തൂവാൻ നിന്ന കണ്ണീരിന്റേയും ചെറുതായി ഇല്ലാതാവുന്ന ടാറ്റാ കൈകളുടേയും ഓർമ്മകൾ ഒരു ഗുണന ചിഹ്ന്നത്തിലൊതുക്കി നമ്മിലേക്ക് എറിഞ്ഞു തന്ന് അവരെ കൊണ്ടു പോകുകയാണു തീവണ്ടി.
              പോയിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ കയറിയവരുടേയും  പ്ളാറ്റ്ഫോമിൽ നിന്ന് ഒഴിഞ്ഞു കൊണ്ടിരുന്നവരുടേയും പരസ്പര ബന്ധിതമായ മനോവ്യാപാരങ്ങളുടെ കനം, കുറച്ചു നേര നിശ്ശബ്ദത കൊണ്ട് കുഞ്ഞ്യേച്ചി ഞങ്ങളിലേക്ക് സാക്ഷ്യപ്പെടുത്തി.
ആരെങ്കിലും ട്രയിൻ യാത്ര പോകുന്നൂന്നു പറയുമ്പൊഴോ ട്രയിൻ മനസ്സിൽ കയറി വരുമ്പൊഴോ എന്തിനു... ദേ.. ഇവനെ കാണുമ്പോഴും ആ പ്ളാറ്റ് ഫോമിൽ കണ്ട പെൺകുട്ടിയിലേക്ക് മനസ്സാ പോകും.”
അയ്യയ്യോ.. ബോസിനുള്ള ചായ ഇപ്പോ ആവിയായിക്കാണും. മറ്റുള്ളവർക്കെടുക്കാം”.
ഈ കുഞ്ഞ്യേച്ചിയുടെ ഓരോ കുഞ്ഞു കാര്യങ്ങൾ”.രവി.
 വർഷങ്ങൾ കഴിഞ്ഞിട്ടും, കുഞ്ഞ്യേച്ചിയുടേത് വളരെ വലിയ കാര്യങ്ങളായിരുന്നുവെന്ന് എന്നിൽ അനുഭവപ്പെടാറുണ്ട്,പലപ്പോഴും.
 .......എക്സ്പ്രസ്സ് ഇപ്പോൾ വന്നു പോയതേയുള്ളൂ.ഔദ്യോഗിക കാര്യങ്ങളാൽ പ്ളാറ്റ് ഫോമിലുണ്ടായിരുന്നു.ഒരേ ഇടവും സാഹചര്യങ്ങളും ആവർത്തന വിരസതയുണ്ടാക്കുമെങ്കിലും കാഴ്ചയെ വ്യത്യസ്ത മാനങ്ങളാക്കാൻ ശ്രമിച്ചാൽ പിന്നെ, അനുനിമിഷം പുതുമകളുടേതായിരിക്കും.
     രണ്ടുസ്ത്രീകളും നാലു പുരുഷന്മാരുമടങ്ങുന്നതിൽ ഒരാണും പെണ്ണും മാത്രമേ സിമന്റ് ബെഞ്ചിലിരുന്നുള്ളൂ. മറ്റുള്ളവർ ഉറക്കെ വർത്തമാനം പറഞ്ഞും കാഴ്ച്ചകൾ കണ്ടും മുറുക്കിതുപ്പിയും അവിടവിടെ ചുറ്റി പറ്റി നിന്നു. ഇരിക്കുന്നവർ പരസ്പരം സംസാരിച്ചിരുന്നില്ല. ഫുൾ കൈ ഷർട്ടും പൂമാലയുമിട്ട്, നിർവികാരനായി,വീർത്ത് ചോരച്ച കണ്ണുകളോടെ നിവർന്നിരുന്ന് കൈകൾ കാല്മുട്ടുകളിൽ കുത്തി അയാളും,നിറം മങ്ങിയ വോയിൽ സാരിയിൽ പൊതിഞ്ഞ് അര
ക്ഷിതാവസ്ഥയും നിസ്സഹായതയും കണ്ണുകളിൽ വട്ടം പിടിപ്പിച്ച്, എവിടെയെങ്കിലുമൊക്കെ ഉറ്റുനോക്കികൊണ്ട് അവളും ഒരു അകല്ച്ച തീർക്കാതെ തീർത്ത് ബെഞ്ചിലിരുന്നു.മുപ്പതുകളിൽ പ്രായം പറയാവുന്ന യാത്രയാവേണ്ടവനും യാത്രയാക്കേണ്ടവളും.
രണ്ടു പേർക്കിടയിൽ വാക്കുകളില്ലാതാവുക,പരസ്പരം നേർക്കാഴ്ച്ചകളിൽ നിന്നൊഴിഞ്ഞ് തൊട്ട് തൊട്ടില്ലെന്നരികിലിരിക്കുക. ഉള്ളിലൂറി അടക്കി നിർത്തിയിരിക്കുന്നതെന്തെല്ലാമായിരിക്കും. ഒരു സങ്കട പെരുമഴ.. സന്തോഷ തിര തല്ലൽ..കാത്തിരിക്കേണ്ട കാലയളവിനോട് മുന്നേ തീർത്ത വിരോധം..കൈവിട്ടു പോയേക്കുമെന്ന് ഉള്ളെരിഞ്ഞ് തികട്ടുന്ന ഞെട്ടലുകൾ..
    വണ്ടി വന്നു നിന്നു.യാത്രയാകുന്നവനോട് ആരും കാര്യമായി സംസാരിച്ചില്ല; അയാളും.മറ്റുള്ളവർ കല പില കൂട്ടികൊണ്ടിരുന്നു. ആദ്യമൊരാൾ , പിന്നെ മാലയിട്ടയാൾ, മറ്റൊരാൾ കൂടെ.. അകത്തെ തിരക്കുകൾക്കിടയിൽ സ്വസ്ഥമായി നില്ക്കാൻ ഒരിടം കാലു കൊണ്ട് താഴെ തേടികൊണ്ടിരുന്നു. പുറത്തു രണ്ടു പേർ അകത്തെ പലവിധ കാഴ്ച്ചകളിൽ അത്ഭുതം കൂറിയപ്പോൾ നിറകണ്ണുകളോടെ, ഹൃദയ വേദനയോടെ യാത്രയാക്കേണ്ടവളാകട്ടെ, പഴയ ഭാവങ്ങളോടെ തന്നെ അകത്തെവിടെയൊ തറഞ്ഞു നോക്കികൊണ്ടിരുന്നു.
       വണ്ടി സാവധാനം നീങ്ങിത്തുടങ്ങി.നിന്നിടത്തു നിന്ന് അവൾ കഴുത്തു നീട്ടി നോക്കി.കാഴ്ച്ചകൾ തമ്മിലുടക്കിയോ എന്തോ..മാലയിൽ നിന്ന് പൂക്കൾ പറിച്ച് അയാൾ പുറത്തേക്കെറിഞ്ഞു. അവളെ തഴുകിയും അവളിലെത്താതെയും പൂക്കൾ അവൾക്കു ചുറ്റും വീണുകിടന്നു.വണ്ടി വേഗതയോടെ....
 അവർ തിരിഞ്ഞു നടന്നു. ഇപ്പോൾ അവരെല്ലാം എനിക്കഭിമുഖമായി വരികയാണ. രണ്ടു പേർ മുന്നിൽ . മൂന്നാമതായി അത്ര വേഗത്തിലല്ലാതെ അവളും. അവർക്കൊപ്പമെത്തും മുൻപേ അവൾ ഒരു നിമിഷം നിന്നു.പിന്നെ ഒരു ഉൾവിളിയാലെന്നവണ്ണം പിന്തിരിഞ്ഞോടുകയായിരുന്നു.നിലത്തു കിടന്ന പൂക്കൾ വാരി മുഖത്തോടു ചേർത്ത്, നെഞ്ചത്തടക്കിപ്പിടിച്ച് പൊട്ടികരഞ്ഞുകൊണ്ടവൾ തിരിച്ചു പോന്നു. അതിനിടെ ഗ്രാമ്യമായ ശരീര ഭാഷയോടെ എന്നെ കടന്ന്‍ പോയവര്‍ പറയുന്നുണ്ടായിരുന്നു....
“ചെറുപ്പത്തിലേ പറഞ്ഞൊറപ്പിച്ചൂന്നൊന്നും പറഞ്ഞ്ട്ട് കാര്യല്ല്യ.അവടകെടന്ന് കുടി നിർത്തീട്ട് വരട്ടെ...എന്തേയ്..”
“അതെന്നെ.. അതെന്നെ..”

അതെ.. കുഞ്ഞ്യേച്ചിയുടെ സങ്കടം വലിയ കാര്യമാണ്‌