ഒരു മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാൺ
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... കണ്ണുകളിൽ നിറഞ്ഞു നിന്ന അവ ഇനി തള്ളിക്കയറും... ആയിരം ഇരട്ടക്കൊമ്പുകളിൽ എന്റെ വേഗത നിലയ്ക്കും. പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്.
ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളീയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......
രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും
പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരന്ന് നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഞാൻ ചിലപ്പോൾ ഇരക്കാറുണ്ട്.
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി
രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”
സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .
ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.
“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ റിത്രയും പറഞ്ഞപ്പോഴാണ് ആശ്വാശമായത്.
രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .
കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.
രാത്രി രണ്ടുമണീ കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളീലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളീലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എൺപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അട്ച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ പിൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങും. ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടീക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു. പിടിയാന കൂടുതൽ വേഗത്തിലോടി , വണ്ടി വളരെയടുത്തെത്തിയപ്പോൾ വലത്തോട്ട് പാളത്തിന് പുറത്തുകടന്നു. അല്പം പിന്നിലായ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .
ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനകൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ പോകാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളീയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. വെളിയിലിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺ ട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോണെടുത്തു. ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ് കോളുകൾ. .... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളീച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. “ അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പത്തു മണീയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺ ട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനേ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.
രണ്ടു മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ ഒൻപതുമണിയായിക്കാണും . കാഷ്വാലിറ്റിയിൽ അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. .. . . .”
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം തെളിഞ്ഞു..
ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . . .
ഡിസ്ചാർജ് ചെയ്ത് ഉച്ചയായി വീട്ടിലെത്തിയപ്പോൾ. പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .?“ ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അനർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.
ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു. ഇക്കാലമത്രയും എന്റെ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ.... . . . . എന്നിട്ടും ഒരു കാവൽക്കാരനെന്ന് ഞാൻ അഹങ്കരിച്ചു.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ പിന്നെയും കിടന്നു. . . . .തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ പിന്നെ ആനക്കൂട്ടങ്ങളിലേക്ക് വളരും . . . . .
Saturday, June 13, 2009
Subscribe to:
Post Comments (Atom)
28 comments:
സമാന്തരാ,
ആദ്യമായാണിവിടെ.
മനോഹരമായ എഴുത്ത്.
ആശംസകള്‍.
ചിലതെല്ലാം ചില നിമിത്തങ്ങളാണെന്ന് പറയപ്പെടുന്നുണ്ട്, ആര്‍ക്കറിയാം.
O.T
ഒരു ട്രയിനോട്ടക്കാരനെ നേരില്‍ കാണുന്നതാദ്യമായാ.
അല്ല അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുകയാ...നിങ്ങൾക്കു നല്ല കാര്യങ്ങളൊന്നും എഴുതാനില്ലേ?... വെറുതെ മനുഷ്യനെ കരയിക്കാനായിട്ട്........
സങ്കടായിപ്പോയീട്ടോ.ജീവിതമല്ലേ, എന്തൊക്കെ അനുഭവിക്കണം!.
vallaathha vishamamthonni ..jeevithamalle :(
സമാന്തരാ,
ആദ്യമായാണിവിടെ...............നല്ല എഴുത്ത് ..ഇഷ്ട്ടായി
എഴുത്ത് നന്നായിരിയ്ക്കുന്നു മാഷേ.
വേറെ ഒന്നും പറയുന്നില്ല. :(
സങ്കടം വന്നല്ലോ സമാന്തരാ.നന്നായി എഴുതിയിട്ടുണ്ട്
സാരമില്ലാട്ടോ !!!!!!!!!ഒരു ട്രെയിന്‍ ഡ്രൈവര്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ഇതുവരെ അപ്രാപ്യമായിരുന്നു . ഇതും ജീവിതമാണ്
ടെന്‍ഷനടിച്ചും വിഷമിച്ചും ഒരു പരുവമായി.
നല്ല എഴുത്ത്
വാക്കുകളില്ല സോദരാ..
എങ്കിലും ഒരു വരി തികട്ടി വരുന്നു. "തീവണ്ടിയുടെ ദു:ഖം".
nalla work.
ഇതാണ് ഭാഷയുടെ ശക്തി.അക്ഷരങ്ങളുടെ കരുത്ത്.എഴുത്തുകാരന്റെ വികാരങ്ങളെ അതേ അളവില്‍ വായനക്കാരനിലെത്തിക്കുകയാണ് ഭാഷയുടെ ശക്തി.ഇവിടെ താങ്കളുടെ ദു:ഖവും,വേദനയും,ഭയവും,ആശങ്കയും,എല്ലാം എല്ലാം ഞങ്ങളൂടേതുകൂടിയായി.നല്ല ഭാഷയും ശൈലിയും വിവരണരീതിയും..ഇവിടെ സത്യമായും ഒരു പ്രതിഭയുടെ വെട്ടം ഞാന്‍ കാണുന്നുണ്ട്.ഞാന്‍ ഒരു നിരൂപകനൊന്നുമല്ല.പക്ഷേ വല്ലാതെ ആകര്‍ഷിച്ചു ഈ പോസ്റ്റ്.
ഔദ്യോകിക പദവിയുടെ അലങ്കാരങ്ങളെ മാത്രമെ ജനം കാണുന്നുള്ളൂ.അവന്റെ സൗകാര്യ ദു;ഖവും കുടുംബജീവിതവും ആരും അറിയുന്നില്ല.മനുഷ്യത്വത്തിനപ്പുരമുള്ള പല ചട്ടക്കൂടുകളുമാണ് ഇന്ന് തൊഴില്‍ മേഖലയിലുള്ളത്.നല്ല കുടുംബജീവിതം നല്ല തൊഴില്‍ സംസ്കാരത്തിന് ആവശ്യമാണെന്ന് ആരു കാണുന്നു.
ഈ കുറിപ്പിലെ പല ദൃശ്യങ്ങളും ഒരു ചിത്രം പോലെ മനസ്സില്‍ കിടക്കുന്നു.അതുകുറേക്കാലം കിടക്കും...
ഈ പോസ്റ്റിലേക്ക് താമസിച്ചെത്തിയതില്‍ എനിക്ക് വിഷമം തോന്നി.
തുടരണം.ആശംസകള്‍..
അനില്‍@ബ്ലോഗ് : വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വഴി... വളരെ മോശം സമയത്താണത്രെ അങ്ങനെ സംഭവിക്കുക.പലരുടേയും അനുഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്.
പാവത്താന്‍ : കരയുകയെങ്കിലും ചെയ്യുക..
എഴുത്തുകാരി ചേച്ചി : മഹാ സങ്കടസാഗരത്തിലെ ഒരിറ്റ്..
വിജയലക്ഷ്മിചേച്ചി: അതേ.. ജീവിതമല്ലേ..
സൂത്രന്‍: സൂത്രനെത്തിയല്ലോ സന്തോഷം..
ശ്രീ: ഒന്നും പറയാതെ നീ പലതും പറഞ്ഞുവോ സോദരാ...
കാന്താരി: എന്റേതൊഴിഞ്ഞിട്ട് നിങ്ങളുടെ.. ശേഷം അവരുടെ.. നമുക്കെത്രയോ സങ്കടപ്പെടാനുണ്ട്, മുഖം തിരിച്ചില്ലയെങ്കില്‍..
ഉണ്ണിമോള്‍: കണ്ട കടല്‍ പോലെയാണ് ജീവിതം . അപ്രാപ്യമായതെത്രയോ.. എന്നെന്റെ തോന്നല്‍.
അരുണ്‍: ആ വണ്ടി ഇതിലേ തിരിച്ചു വിട്ടതിന് നന്ദി..
വയനാടന്‍: തടഞ്ഞ വരികളെ എനിക്കു വായിക്കാനാവുന്നുണ്ട് സഹോദരാ..
കുമാരന്‍: നന്ദി.
മണഷാരത്ത്: അങ്ങയുടെ നല്ല മനസ്സിനു നന്ദി...
വന്നു വായിച്ചവര്‍ക്കും ഇനി വായിക്കുന്നവര്‍ക്കും ഉള്ളില്‍ തട്ടിയത് എഴുതി ചേര്‍ത്തവര്‍ക്കുമുള്ള എന്റെ നന്ദി ഈ എഴുത്തുകള്‍ക്കെല്ലാം മേലെയാണ്.
എഴുത്ത് എന്നുപറയുന്നത് ഇതാണ്...
മനസ്സിനെ സ്പര്‍ശിയ്ക്കാതെ ഇതിന്റെ ഒരു വരിപോലും കടന്നുപോകുന്നില്ല...
വല്ലാതെ കണ്ണ് നിറഞ്ഞു പോയി വായിച്ചു തീര്‍ത്തപ്പോഴേക്കും....
:( :(
വെല്ലുവിളി ഉയർത്തുന്ന ജോലിയല്ലേ.ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാനാവില്ലല്ലോ.എങ്കിലും സങ്കടം തോന്നി.
വല്ലാതെ ഇഷ്ടമായി ഈ ശൈലി.... എത്ര ശക്തമായ വികാരങ്ങള്‍....
സമാന്തരേട്ടാ...വല്ലാതായീട്ടോ ഇത് വായിച്ചപ്പോള്‍.ഇതൊക്കെ ഒതുക്കിപ്പിടിച്ചാണോ അന്നെന്‍റെ ടൂ വീലറിനു പുറകില്‍ ഇരുന്നിരുന്നത്.ജോലി ഇത്രക്കും റിസ്ക്കിയാണെന്ന് അറിഞ്ഞിരുന്നില്ല.
എന്തായാലും ദൈവം വലിയവനാണെന്നേയ്.വിഷമിക്കാതിരി.
പറയാന്‍ വിട്ടു.നല്ല കിടിലന്‍ ശൈലീ ട്ടോ.ആശംസകള്‍
ആനയ്ക്കു പകരം കുട്ടി....
ദു:ഖസാന്ദ്രം...ശരിക്കുള്ളയനുഭവം തന്നെയാണൊ സോദരാ...
ഇതൊരു കഥ മാത്രമായിരിക്കട്ടെ...
സമാന്തരേട്ടാ എവ്ടാ ഒരു വിവരോം ഇല്ലല്ലോ :(
ആശംസകള്‍
word verification
ഒഴിവാക്കുന്നത് നന്നായിരിക്കും
നല്ല എഴുത്ത് ..ഇഷ്ട്ടായി
പരിചയ സമ്പന്നമായ തുലികയില്‍ നിന്നും ഉരുത്തിരിഞ്ഞ പക്വമാര്‍ന്ന രചന .പ്രക്ഷുബ്ദമായ തിരമാലകള്‍ക്ക് മീതെശാന്തിയു ടെയും സ്വാന്തനത്തിന്റെയും തോണിയിലുടെ ഒരു യാത്ര .അടുക്കും ചിട്ടയും ഒതുക്കവും അഭിനന്ദനീയം.
njan anubhavichitundeu. enthalla.ethupole veroru sistuation.
samantharan,
angakale kanaan sadhyathayulla oru chuvanna veliccham thediyulla yathra. athanallo oro loco pilot inteyum jeevitham. nandi.... njangalude jeevitham pakarthiyathinu............
ഒരു ലോക്കോ പൈലറ്റാകാന്‍ ഞാന്‍ തയ്യാറെടുക്കുകയായിരുന്നു.ഈ ജോലി സ്വപ്നവും കണ്ടു പോയല്ലോ ഈശ്വരാ
Post a Comment