പ്രണയപൂര്‍വ്വം..
നിന്നോടെനിക്ക് പറയാനുള്ളത്,
നിഴലുകള്‍ക്കിടയില്‍ നിറഞ്ഞു തൂവിയ
നിന്നെകുറിച്ചു തന്നെയാണ്
വാനില്‍, നിലാവില്
ദേശാടനക്കിളികള്‍ ഒഴുകുമ്പോള്‍
നിന്റെ നനുത്ത ശബ്ദമുണ്ടായിരുന്നു കൂട്ടിന്.
വെണ്മേഘക്കീറുകളില്
നീ യാത്രയാവുന്നതുകാണാന്‍
ഞാനീ മണല്‍പ്പരപ്പില്‍ മലര്‍ക്കും;
നിര്‍വൃതി, കണ്ണീര്‍ത്തുള്ളിയുടെ
തപസ്പര്‍ശം..
അപ്പോഴും,
എന്റെ നിറക്കൂട്ടിലെ സാന്ധ്യ വര്‍ണ്ണങ്ങളില്‍
പെയ്തിറങ്ങുന്ന തൂമഞ്ഞായ് നീ..
നനഞ്ഞ സ്ലേറ്റില്‍ വരഞ്ഞ്
പിന്നെ തെളിഞ്ഞ്
പിന്നെ മായാത്ത ചിത്രം പോലെ
നിന്റെ നിറ പുഞ്ചിരി.
നിളയിലിവിടെ,
നീര്‍വറ്റിയ ആഴങ്ങളുടെ ഉയര്ച്ചകളില് നിന്ന്
പുഴയ്ക്കരികു പറ്റിയ പച്ചകള്‍ക്കപ്പുറത്തേക്ക്
ഞാനൊഴുകുമ്പോഴെല്ലാം
തണുപ്പുള്ള ഇളം കാറ്റുപോലെ,
കുളികഴിഞ്ഞുള്ള കാച്ചെണ്ണമണം പോലെ,
നിന്റെ സ്നിഗ്ദ്ധതയുണ്ടായിരുന്നു ..
നിന്നെ കുറിച്ചു ഞാന്‍ ചോദിച്ചത്
വൈശാഖത്തിനൊടുവില്‍
നമ്മുടെ കാവില്‍നിന്നും പറന്നുമറയുന്ന
ദേശാടനക്കിളികളോട് മാത്രമാണ്
ഞാനുമുണ്ട് കൂടെയെന്ന്
പറയാനായില്ലെനിക്ക്;
വാക്കുകള്‍മുറിഞ്ഞ് ഞാന്‍ പറന്നിരുന്നു.
പറന്നറിഞ്ഞ ദേശങ്ങളെല്ലാം
ഓര്‍മ്മകളുടെ കൂടാരങ്ങളായപ്പോള്‍
ഞനറിഞ്ഞതും നിന്നെ മാത്രമായിരുന്നു.
അതുകൊണ്ടാവാം, എന്റെ ദേശാടനം
ഈ പുഴക്കരയില്‍നിന്നും
ഈ പുഴക്കരയിലേക്കു തന്നെയായതും
ഞാനൊരര്‍ജ്ജുനനാവണമെന്ന്
നിന്റെ മോഹമായിരുന്നു, എന്റെയും..
-വില്ലാളിയല്ലെന്നറിഞ്ഞിട്ടും.
എന്നെങ്കിലുമൊരുനാള്‍,ഞാനൊരു
കടല്‍ത്തിരയുടെ ശക്തിയാവുമെന്ന്
ഹൃദയവാക്യമെഴുതിയപ്പോള്‍
തിരകളെണ്ണുകയായിരുന്നു നീ..
എന്നിട്ടും..നീ
എന്നേയും തേടി
തിരമാലയിലേക്കിറങ്ങിയതെന്തിന്?
മനസ്സു കിനിഞ്ഞ്,
തപമാര്‍ന്ന ജലം വീഴുമ്പോള്‍
നീറ്റലുണ്ട്,നിശ്ശബ്ദതക്ക്
ഈ പുഴ നിറയും..
മലകളുടെ കദനങ്ങളുമായി
കടലിന്റെ സാന്ത്വനം കേള്‍ക്കാന്‍
പുഴയൊഴുകും.
അപ്പോള്‍, ഈ താളുകള്‍ക്കൊപ്പം
എന്‍ കരള്‍പൂക്കള്‍ ഞാന്‍ പരിച്ചിടാം..
നിന്നിലേക്കൊഴുകാം,
ഈ പുഴയില്‍ നിനക്കായ്..
Friday, February 13, 2009
Subscribe to:
Post Comments (Atom)
1 comment:
നല്ല വരികള്‍
സമാന്തരന്‍.
പറന്നറിഞ്ഞ ദേശങ്ങളെല്ലാം
ഓര്‍മ്മകളുടെ കൂടാരങ്ങളായപ്പോള്‍
ഞനറിഞ്ഞതും നിന്നെ മാത്രമായിരുന്നു.
അതുകൊണ്ടാവാം, എന്റെ ദേശാടനം
ഈ പുഴക്കരയില്‍നിന്നും
ഈ പുഴക്കരയിലേക്കു തന്നെയായതും
ഈ വരികള്‍ വളരെയേറെ ഇഷ്ടമായി...
Post a Comment