Friday, March 29, 2013

ലോക നാടക ദിനാഘോഷം

               മാർച്ച് 27 ന് ലോക നാടക ദിനം തൃശ്ശൂരിൽ ആഘോഷിക്കുമ്പോൾ ആ ദിവസത്തിന്റെ പ്രത്യേകത മാത്രമാണിവിടെ വ്യത്യസ്തമാകുന്നത്. കാരണം, നാടകാഘോഷങ്ങൾക്ക് തൃശ്ശൂരിന്റെ സായന്തനങ്ങൾ നിരന്തരം സാക്ഷ്യങ്ങളാണെന്നതു തന്നെ. എങ്കിലും ഒരു നാടക ദിന ഓർമ്മപ്പെടുത്തൽ  നാടകം നെഞ്ചേറ്റുന്നവർക്ക് പുതു അറിവുകളുടേയും പങ്കു വെയ്ക്കലിന്റേയും തെളിവാകപ്പെടുന്നതിന്റേയുമൊക്കെ അടയാളമാകുന്നു.
             സംസ്കാരങ്ങളുടെ രൂപപ്പെടലുകളോളം ചരിത്ര പഴക്കമുള്ള നാടകം, ഗോത്ര വംശ ഭാഷ ദേശ ഭേദങ്ങൾക്കനുസരിച്ച് സംശുദ്ദീകരിയ്ക്കപ്പെടുകയോ പുതു മാതൃകകളായി വികസിക്കപ്പെടുകയോ ചെയ്യുമ്പോഴും അത് ജന ജീവിതത്തിന്റെ അല്ലലുകളിൽ നിന്നും അകന്നു പോയില്ല. അതിനാൽ തന്നെ കഷ്ടപ്പെടുന്ന ജനത നിലനിൽക്കുന്നു എന്നപോലെ നാടകവും നിലനിൽക്കുക തന്നെ ചെയ്യുന്നു.
           നാടകം ഇന്നുംഇവിടെ  ഈ കുഗ്രാമത്തിലും സജീവമാണ് എന്നു പറയാനാവും വിധം നാടക പ്രവർത്തകരുടെ ഒട്ടേറെ കൂട്ടായ്മകളുള്ള നാടാണു നമ്മുടേത്. വാർഷിക ആഘോഷങ്ങളിൽ പുതിയ നാടകങ്ങളെഴുതി അവതരിപ്പിച്ചു കൊണ്ടിരുന്ന ആർട്സ്&സ്പോർട്സ് ക്ലബ്ബുകളുടെ എണ്ണം പരിമിതമായപ്പോൾ അങ്ങിങ്ങായി നടക കൂട്ടായ്മകൾ ആ പ്രശ്നം പരിഹരിച്ചു പോന്നു. ഇത്തരം കൂട്ടായ്മകളുടെ, കാലാനുക്രമമായി ഇന്നെത്തി നിൽക്കുന്ന വളർച്ച, നാടകം ജനജീവിതത്തിലിടപെടുന്നതിന്റെ ശക്തിയും അതിന്റെ പ്രസക്തിയും വിളിച്ചോതുന്നു.
             രംഗചേതനയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടന്ന ലോക നാടക ദിനാഘോഷം  നാടക ഗാനാലാപനം, നാടക പുസ്തക പ്രകാശനം നാടകാ‍വതരണങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒരു സാംസ്കാരിക വിരുന്നായിരുന്നു. 1980 ൽ ആരംഭിച്ച നാടക രംഗത്തെ  ക്രിയാത്മകസാമൂഹിക ഇടപെടലുകളുടെ തുടർച്ചയായിരുന്നു ഈ ആഘോഷവും.
            വിജയകുമാർ മേനോൻ വിവർത്തനം ചെയ്ത വിശ്വപ്രസിദ്ധ നാടക കൃത്തായ ഫെഡറികൊ ഗർസ്യ ലോർക്ക യുടെ ബർനാഡ അൽബയുടെ വീട് എന്ന കൃതിയാണ് പ്രകാശനം ചെയ്യപ്പെട്ടത്. വിശ്വപ്രസിദ്ധ നാടകങ്ങൾമലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായാണിത്. ഈ പരമ്പരയിൽ യൂജിൻ യോനെസ്കൊയുടെ കസേരകൾ,ലോർക്കയുടെ രക്ത വിവാഹം, ഴാങ് ഷെനെയുടെ വേലക്കാരികൾ, ലൂയി പിരാന്തല്ലൊയുടെ ഹെൻറി നാലാമൻ എന്നിവയാണു മുൻപ് പ്രസിദ്ധീകരിച്ചവ. വിവർത്തനങ്ങളെല്ലാം തന്നെ നിർവ്വഹിച്ചത് വിജയകുമാർമേനോൻ ആണ്.
             ദയവായി.., രാവുണ്ണി എന്നീ നാടകങ്ങൾ രംഗത്ത് അവതരിപ്പിക്കുക വഴി ലോക നാടക ദിനത്തിൽ രണ്ടു പ്രഗൽഭരെ ആദരിക്കുകയായിരുന്നു രംഗചേതന.സമൂഹത്തിൽ വാക്കുകൾ കൊണ്ടു കലഹിച്ചവരിൽ നാടകരംഗത്തെ നിത്യ യൌവനമായി ജനമനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നനാടക കൃത്ത് ശ്രീ പി എം താജ്, തൃശ്ശൂരിന്റെ സ്വന്തം ജൊസ് ചിറമ്മൽ എന്നിവരായിരുന്നു ആ അമൂല്യ പ്രതിഭകൾ.
          ജോസ് ചിറമ്മലിന്റെ കഥയെ അടിസ്ഥാനമാക്കി രംഗചേതനയിലെ സംവിധായകൻ കൂടിയായ കെ.വി.ഗണേഷ് തയ്യാറാക്കി അവതരിപ്പിച്ച സോളോ യാണ് ദയവായി..... തന്റെ ജീവിതത്തിലെ ഒരു ദിവസം മാത്രം കാഴ്ചക്കാർക്കു മുൻപിലവതരിപ്പിച്ചു കൊണ്ട് ആധുനിക സാമൂഹ്യ ജീവിതത്തിൽ ഒറ്റപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ നിസ്സഹായതകളെ വളരെ തനിമയത്വത്തോടെ അവതരിപ്പിക്കുന്നു.നാടക സംവിധാന രംഗത്ത് ഇരുപത്തഞ്ചു വർഷക്കാലത്തിലേറെ അനുഭവ സമ്പത്തുള്ള കെ വി ഗണേഷിന്റെ ഒട്ടും ചാതുരി കുറയാത്ത ഒരു മാസ്റ്ററിനു മാത്രം കഴിയാവുന്ന  പ്രകടനമായിരുന്നു രംഗത്ത് കണ്ടത്.
              വർഷങ്ങളായി നൂറു കണക്കിനു വേദികളിൽ വിവിധ രൂപത്തിൽ അവതരിക്കപ്പെടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത പി എം താജിന്റെ   രചനയായ രാവുണ്ണി എന്ന നാടകം നാല്പത് മിനുട്ടിൽ പോൾസൺ താണിക്കലിന്റെ സംവിധാനത്തിൽ വീണ്ടും അവതരിപ്പിക്കപ്പെടുമ്പോഴും ഒരു കാലാതീത രചന സമൂഹത്തിന്റെ നേർക്കാഴ്ചയാകുന്നതെങ്ങിനെയെന്ന് നമ്മെ ഓർമ്മിപ്പിക്കുകയായിരുന്നു.
       തൃശ്ശൂർ രംഗചേതന

  ശ്രീ ജി ശങ്കരപ്പിള്ളയിൽ നിന്നും തീ പന്തം ഏറ്റുവാങ്ങിക്കൊണ്ടാണ് 1980 ൽ ഇ.ടി വർഗ്ഗീസും കൂട്ടരും രംഗചേതനയ്ക്ക് തുടക്കമിടുന്നത്. കഴിഞ്ഞ 33 വർഷവും നാടകം കൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ശങ്കരപ്പിള്ളസർ പകർന്നു നൽകിയ വെളിച്ചം ഒട്ടും കുറയാതെ ജനമനസ്സുകളിലേക്ക് പകർന്ന് രംഗചേതന സാംസ്കാരിക ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്നു.
           പ്രതിവാര നാടകാവതരണം രംഗചേതന തുടങ്ങി വെച്ചിട്ട് ഇപ്പോൽ 97 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു.സാധാരണക്കാരിൽ നാടകാവബോധമുണ്ടാക്കുവാനുള്ള അനൌപചാരിക നാടക പടന ക്ലാസ്സാണ് സണ്ടെ തിയ്യറ്റർ. ഈ ക്ലാസ്സുകളുടെ ഉൽ‌പ്പന്നങ്ങളായും അല്ലാതെയുമുള്ള മുപ്പതിലധികം പുതിയ നാടകങ്ങൾ അരങ്ങത്തു വന്നു പോകുമ്പോൾ രംഗചേതനയിൽ നിന്നും പുതിയ അറിവുകളും ജീവിത കാഴ്ചപ്പാടുകളും നേടുന്നു ഒരു കൂട്ടം ചെറുപ്പക്കാർ. അഭിനയം സംഗീതം വേഷം തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളിലുമുള്ള സസൂക്ഷ്മമായ ഇടപെടലുകൾ, ഈ ഓരോ വിഭാഗങ്ങളിലും പ്രാവീണ്യം നേടുന്നതിന് പ്രവർത്തകർക്ക് സഹായകമാകുന്നു.
        രംഗചേതനയുടെ നാടക സൈദ്ധാന്തിക തല പ്രവർത്തനങ്ങൾ അതിന്റെ വൈപുല്യം കൊണ്ട് പ്രശംസനീയമാണ്.  ഫോക്, ക്ലാസ്സിക് തുടങ്ങി വിവിധ നാടക സങ്കേതങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ,ശങ്കരപ്പിള്ള മെമ്മോറിയൽ ലെക്ചറുകൾ,സഫ്ദർ ഹശ്മി മെമ്മോറിയൽ ലെക്ചറുകൾ, വയലാ വാസുദേവൻ പിള്ളയുടെ പതിനഞ്ചു കൃതികളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പതിനഞ്ച് ലെക്ചറുകൾ ..... തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.
       രംഗചേതന വളരെയേറെ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന മറ്റൊരു മേഖലയാണ് കുട്ടികളുടെ നാടക സംഘം. എല്ലാ വർഷവും അവധിക്കാലത്ത് ഒത്തു ചേരുകയും നാടക സംബന്ധമായ ക്ലാസ്സുകളും പടനങ്ങളും അവതരണങ്ങളുമായിചെറിയ പ്രായത്തിൽ തന്നെ പ്രശംസനീയമായൊരു സംസ്കാര നിർമ്മിതി തന്നെ നടത്തുന്നു , ഈ കുട്ടികൾ. അവധിക്കാല സഹവാസ ക്യാമ്പും ശില്പശാലകളൂം കുട്ടികൾ ഉൾപ്പെടുന്ന നാടക പ്രവർത്തനങ്ങളുടെ തുടർച്ചയാണ്.
       കുട്ടികളുടേയും മുതിർന്നവരുടേയും തിയ്യറ്റർ ഗ്രൂപ്പുകൾ ഇതിനകം വിവിധ ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങളോട് രംഗചേതന കാണിക്കുന്ന പ്രത്യേക താല്പര്യത്തിനുള്ള അംഗീകാരമാണ് ഡെൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ദേശീയ തലത്തിലുള്ള അവതരണത്തിനു രംഗചേതനയുടെ നാടകങ്ങൾ മൂന്നു തവണ തെരെഞ്ഞെടുത്തത്.
         സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് നാടകവും അതുവഴി സംസ്കാരിക വിനിമയവും വ്യക്തിത്വ വികസനവും എത്തിക്കുന്നതിനു രംഗചേതന എന്നും പ്രതിജ്ഞാബദ്ധമാണ്.
ജുവനൈൽ ഹോമിലെ ( കുട്ടികളുടെ വീട്) കുട്ടികൾക്കു വേണ്ടി പ്രത്യേക നാടക ശിൽ‌പ്പശാലകൾ നടത്തുകയും, അവരുടെ സർഗ്ഗ ശേഷികൾ സമന്വയിപ്പിചുകൊണ്ട് നാടകം തയ്യാറാക്കി അവതരിപ്പിക്കുകയും  ആ നാടകം ദേശീയ നാടകോത്സവത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോൾ രംഗചേതനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങളുണ്ടാവുന്നു.
        ബുദ്ധിമാന്ദ്യമുള്ളവർ വ്യത്യസ്ത ശേഷികളുള്ളവർ എന്നിവർക്കിടയിലും രംഗചേതന തങ്ങളുടെ നാടക ഒറ്റമൂലിയുമായി ഇറങ്ങി.അവർക്കു വേണ്ടിശില്പശാലകളൂം നാടക അവതരണങ്ങളൂം നടന്നു.
          ലാലൂർ സമരം, പാലിയേക്കര ടോൾ, സ്ത്രീ സമത്വം..   എവിടേയും രംഗചേതന ഒഴിഞ്ഞു നിന്നില്ല. നാടകത്തിന്റെ ശക്തിയിലൂന്നി, ജനങ്ങളുടെ പ്രതിഷേധപ്രതികരണങ്ങൾ വേണ്ടിടങ്ങളിലെത്തിക്കാൻ  തങ്ങളാലാവും വിധം ശ്രമിച്ചു കൊണ്ടിരിക്കുന്നു.


        നാടക സംബന്ധിയായ പുസ്തകങ്ങളുടെ പ്രസാധനമാണ് രംഗചേതനയുടെ അടുത്ത ഇടപെടൽ. നാൽ‌പ്പതാമത് പുസ്തകമാണ് ലോക നാടകദിനത്തിൽ പ്രകാശനം ചെയ്യപ്പെട്ടത്. പുസ്തകങ്ങളിൽ ഏറിയ പങ്കും ഏകങ്കങ്ങാളും കുട്ടികളുടെ നാടകങ്ങളാണ്.വിജയകുമാർ മേനോന്റെ മറ്റു നാലു വിവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്.
         വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പില്ലാതെയാണ് ഇ ടി വർഗീസും കൂട്ടരും ഇത്രയും വർഷമായി മാതൃകാ പരമായ ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. സന്മനസ്സുള്ള നാടക സ്നേഹികളായ ഒരു ജനത ഇപ്പോഴും ചുറ്റിലുമുണ്ടെന്നതു തന്നെയാണ് അവർ പുതിയ സാമൂഹിക ഇടപെടലുകളെകുറിച്ചുള്ള ചർച്ചകളിക്കിറങ്ങാൻ ഇനിയും തയ്യാറാവുന്നത്
    

Thursday, March 21, 2013

വീണ്ടു വിചാരം

                            കുഞ്ഞു കടലാസിലെ കുത്തിക്കുറിക്കലുകൾക്ക് തുടർച്ചയും വളർച്ചയുമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ബ്ലോഗ് തുടങ്ങണമെന്ന് പ്രമോദ് നിർബ്ബന്ധിക്കുമ്പോൾ മറ്റുള്ളവരാൽ വായിക്കപ്പെടുന്നതിലെ സംതൃപ്തിയെകുറിച്ച് ഞാനത്ര ചിന്തിച്ചില്ല.
                          പകലൻ , പാവപ്പെട്ടവൻ എന്നിവരിൽ നിന്നു തുടങ്ങി സഹൃദയരായ വളരെ ചെറിയ ഒരു വായനാ കൂട്ടം ഞൻ എഴുതുന്നതിനു ചുറ്റുമുണ്ടായത് എന്നിൽ നിറച്ച ഊർജ്ജം ചെറുതായിരുന്നില്ല.
വളരെ കുറച്ച് പോസ്റ്റുകൾ....   വാക്കുകൾക്ക് ആഴമോ ശക്തിയോ വേണ്ടവിധമുണ്ടായിരുന്നെന്നോ തുടർച്ചകളിൽ കൂടുതൽ തെളിവാകപ്പെട്ടുവെന്നോ അഹങ്കരിക്കുന്നില്ല ഞാൻ.പക്ഷേ വായനയിൽ ആരും നിരാശപ്പെട്ടിരുന്നില്ലെന്ന് അവരെഴുതിയതിൽ നിന്നും വ്യക്തം

                         നാലു വർഷം മുൻപ് നിലച്ചു പോയ എന്റെ ബ്ലോഗിനെ കുറിച്ച് ആവേശത്തോടെ ഇങ്ങനെയെല്ലാം ഓർത്തു പോകുമ്പോൾ.....
   സത്യത്തിൽ എന്താണു സംഭവിച്ചത്..  സർഗാത്മകത നിലച്ചു പോയോ...?  ഇല്ലെന്നു പറയാൻ ഉൾക്കരുത്തുള്ള ഒന്ന് എഴുതാനുള്ള വെമ്പൽ മാത്രം മതിയോ ... ?
കുപ്പിയാൽ മനം പോറി ചോര പൊടിഞ്ഞും മൃദുമലരാൽ തലോടിയും അനുഭവങ്ങൾ.
അലകടലിന്റെ ഉൾക്കനത്തിൽ മനം തിങ്ങി ഓർമ്മകൾ.
ചിന്തകൾ ചെത്തി പരുവമായോ..? ചിന്തേരിൽ തിളക്കമായോ ?

എവിടെ കുറഞ്ഞു പോയി..?   


അഗ്രിഗേറ്ററിൽ  തപ്പിയാൽ ഒരു നല്ല വായന സാധ്യമാകണമെങ്കിൽ ഇപ്പോൾ കുറച്ച് കഷ്ടപ്പെടണം. മുൻപ്, വായിക്കാനുള്ളത് നിരന്തരം എഴുതി വെച്ചിരുന്നവർ ഇന്നു സജീവമാകുന്നത് ഫേസ് ബുക്കിലാണ്. മിക്ക വിഷയങ്ങളിലും അപ്പപ്പോൾ പ്രതികരിക്കയാൽ ചിലരൊക്കെ അവരുടെ ബ്ലോഗിനെ മറന്ന് ചെറുകുറിപ്പുകളിൽ ഒതുങ്ങുന്നു.    പല സുഹൃത്തുക്കളും ഫേസ് ബുക്ക് വഴി ഉച്ചത്തിൽ ( ഞാൻ നിശ്ശബ്ദനായും) തീരുമാനങ്ങളെടുത്തു, ഇനി ബ്ലോഗാൻ തുടങ്ങാമെന്ന്..    പലരുമില്ല... ഞാനുമില്ല.

ബ്ലോഗു വഴി തന്നെ ഞാനൊരു വീരവാദത്തിനു തയ്യാറാവുകയാണ്.  എന്റെ ബൂലോകയാത്രയുടെ പുനരാരംഭം.. ഏതെല്ലാം ഇടവഴികളിൽ നിന്നും ആരെല്ലാം കൂടെ വരുമെന്നറിയില്ല. ഞാൻ ഉറപ്പിച്ചു തന്നെയാണ്. ഒപ്പം  ബൂലോക സുഹൃത്തുക്കളെ കുറിച്ചുള്ള പ്രതീക്ഷകളും.....

       

Monday, March 14, 2011

ചില പെൺ കാഴ്ചകൾ

നിലവിളി


കാറ്റിന്റെ വേഗം പറ്റിയും
കുളിർ മഞ്ഞിൽ തങ്ങിയും
അതാര്യ ചുമരുകളെ വകഞ്ഞും
അടുക്കളയിലെ
സമ്മിശ്ര ഗന്ധത്തോടെ
ചിലപ്പോൾ
നഴ്സറി പാട്ടായും
ഒരു നിലവിളി
ഇവിടെയെല്ലാം തങ്ങിനിൽ‌പ്പുണ്ട്.

നമ്മളാരും കേൾക്കാതെ പോകുന്ന
നിലവിളി

ബധിരതയിൽ
ഞാൻ സന്തുഷ്ടൻ
എന്നു ഞാനും നീയുമാകവേ..

ഇനിയൊരുവൻ
മൊട്ടുസൂചിയുടെ മുനയൊടിച്ച്
മൃഗതൃഷ്ണയിൽ ജയിക്കുന്നു.



നീക്കിയിരുപ്പ്

വെയിൽ മഴയിൽ
കുതിർന്നു നിന്നും

കനൽ മുത്തുമേൽ
കാലടിയമർന്നും

പെരുമഴയിൽ
ഉള്ളുപൊള്ളിയുരുകിയും

അകം പുറം വെന്തു നീ
പ്രണയാതുരം, കാമവിവശം, വാത്സല്യപൂർവ്വം...

വർണ്ണ മോഹങ്ങൾ നിറച്ചവൻ,
ആൺ തുണ തന്നവൻ,
അമ്മയെന്നള്ളിപ്പിടിച്ചവൻ..

കണ്ടുകിട്ടിയോ
നിനക്കെവിടെയെങ്കിലും
ഹർഷ പുളകിതം നിന്നെ?

കാഴ്ചകളടർന്ന്
പൊയ് പോയ ചിത്രങ്ങളിൽ
നിനക്കുണ്ടാകുമോ
പ്രിയങ്കരമൊരു നീക്കിയിരുപ്പ്..?

Saturday, June 13, 2009

കാവൽക്കാരന്റെ സങ്കടങ്ങൾ

ഒരു മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാൺ
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... കണ്ണുകളിൽ നിറഞ്ഞു നിന്ന അവ ഇനി തള്ളിക്കയറും... ആയിരം ഇരട്ടക്കൊമ്പുകളിൽ എന്റെ വേഗത നിലയ്ക്കും. പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്.

ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളീയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......

രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും

പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരന്ന് നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഞാൻ ചിലപ്പോൾ ഇരക്കാറുണ്ട്.
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി

രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”

സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .

ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.

“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ റിത്രയും പറഞ്ഞപ്പോഴാണ് ആശ്വാശമായത്.

രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .

കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.

രാത്രി രണ്ടുമണീ കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളീലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളീലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എൺപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അട്ച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ പിൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങും. ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടീക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു. പിടിയാന കൂടുതൽ വേഗത്തിലോടി , വണ്ടി വളരെയടുത്തെത്തിയപ്പോൾ വലത്തോട്ട് പാളത്തിന് പുറത്തുകടന്നു. അല്പം പിന്നിലായ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .
ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനകൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ പോകാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളീയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. വെളിയിലിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺ ട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോണെടുത്തു. ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ് കോളുകൾ. .... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളീച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. “ അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പത്തു മണീയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺ ട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനേ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.


രണ്ടു മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ ഒൻപതുമണിയായിക്കാണും . കാഷ്വാലിറ്റിയിൽ അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. .. . . .”
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം തെളിഞ്ഞു..

ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . . .


ഡിസ്ചാർജ് ചെയ്ത് ഉച്ചയായി വീട്ടിലെത്തിയപ്പോൾ. പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .?“ ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അനർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.


ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു. ഇക്കാലമത്രയും എന്റെ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ.... . . . . എന്നിട്ടും ഒരു കാവൽക്കാരനെന്ന് ഞാൻ അഹങ്കരിച്ചു.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ പിന്നെയും കിടന്നു. . . . .തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ പിന്നെ ആനക്കൂട്ടങ്ങളിലേക്ക് വളരും . . . . .

Saturday, April 4, 2009

തീവണ്ടിയാല്‍ ചില വേര്‍പാടുകള്‍ ......

പകല്‍ മുഴുവന്‍ വെയിലൊപ്പിയ പച്ചകളെ പുണര്‍ന്നും തഴുകിയും ഇളം ചൂടുള്ള കാറ്റ് , തുറന്നിട്ടജനലിലൂടെ ഓടുന്ന ട്രെയിന്‍ എഞ്ചിന്റെ ക്യാബിനില്‍ വന്ന് ഞങ്ങളെ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി ധൃതിയില്‍ കടന്നു പോയി. പാടവും പനകളും അരുവികളും കൊണ്ട് ഹരിതാഭമായ റെയിലോരക്കാഴ്ചകള്‍... നെല്ലും പച്ചക്കറികളും ചോളവും കരിമ്പും വിളയുന്ന പാടവരമ്പിലൂടെ റെയിലോരപാതയിലേക്ക് നിരയിട്ടടുക്കുന്ന ചെറുസംഘങ്ങള്‍... റെയിലിനുസമാന്തരമായ അവരുടെ യാത്രക്ക് തിടുക്കത്തിന്റെ താളമുണ്ട്.
കുഞ്ഞുങ്ങള്‍, അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്.... ഇരുട്ടു പടരുമ്പോള്‍ വീട്ടിലെത്തി പുലരുമ്പോള്‍ തിരിക്കും വരെ ഇനിയെന്തൊക്കെ....
വിസില്‍ ബോര്‍ഡ്....വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍...
റൈറ്റ്... വിസില്‍ ബോര്‍ഡ്.. വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍... അങ്ങനെയാണത്. ബോര്‍ഡുകളും സിഗ്നലുകളും ആദ്യം കണ്ടയാള്‍ വിളിച്ചു പറഞ്ഞത് അടുത്തയാള്‍ കണ്ട് ഉറപ്പു വരുത്തി ആവര്‍ത്തിക്കുന്നു.മുന്നിലേക്കുള്ള പാളത്തിന്റെ വളവും വശങ്ങളിലെ മരങ്ങളുടെ ചില്ലകളും ചേര്‍ന്ന് പാളത്തിലേക്കുള്ള കാഴ്ച അവ്യക്തമാക്കിയിരുന്നു. പിന്നെ വിസിലടിയാണ്. അറുനൂറു മീറ്റെര്‍ മുന്‍പ് വെച്ച ബോര്‍ഡ് മുതല്‍ മുന്നില്‍ നിവര്‍ന്നറെയില്‍ പാളങ്ങള്‍ ദൂരേക്ക് കാണും വരെ.
വെയില്‍ മങ്ങി വെളിച്ചം കുറയാനെടുത്തത് വളരെ കുറഞ്ഞ സമയമാണ് .ഹെഡ് ലൈറ്റിന്റെ പ്രകാശം പാളങ്ങളെ കൂടുതല്‍ തെളിയിച്ചപ്പോള്‍ റെയിലിനോട് ചേര്‍ന്ന ഒറ്റയടി ചെമ്മണ്‍ പാതയിലെ യാത്രക്കാരെയടക്കം എല്ലാം കാണുന്നുണ്ട്. വണ്ടിയോട്ടത്തിനിടെ കാണുന്നതെന്തും അനുനിമിഷം മാറുമെന്നതിനാല്‍ മന:പൂര്‍വ്വമൊരു വിശകലനമോ കാഴ്ചയിലെ വ്യത്യസ്തതയോ മാത്രമാണ് അവ മനസ്സിലേക്ക് വീണ്ടുമെത്താന്‍ കാരണമാവുക.
വലത്തെ ഒക്കത്ത് കുഞ്ഞിനെയെടുത്ത് ഒരു പെണ്‍കുട്ടിയോടൊത്ത് , സാരിയുടുത്ത സ്ത്രീ റെയില്‍പ്പാതയുടെ ഇടതുവശം ചേര്‍ന്നു നടന്നു. വളരെ തിടുക്കത്തിലാണവര്‍ നടന്നത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരിന്നു.ചേര്‍ന്നുനടന്നവരൊന്നായി ഒരു കാറ്റ് ചൂഴ്ന്നെടുത്തുവെച്ച പോലെ പാളത്തിലേക്കു കടന്നു. പെണ്‍കുട്ടിയെ തോളീല്‍ പിടിച്ച് താഴേക്കമര്‍ത്തി, കുഞ്ഞിനെ മാറോടണച്ച് കുനിഞ്ഞ് ട്രെയിന് അഭിമുഖമായി ഇരുന്നു.
ഏറെ കണ്ടതെങ്കിലും ഹൃദയമിടിപ്പ് കൂടിയ നിമിഷങ്ങള്‍..... ഉള്ളം കൈ വിയര്‍ത്തു... തൊണ്ട വരണ്ടു.. നാലു വിസില്‍ നോബുകളിലും കൈകളമര്‍ന്നു. കാതുകള്‍ ചൂളം വിളിച്ചു.
വിസിലിന്റെ കാതടപ്പിക്കുന്ന ശബ്ദം അവരുടെ കാതുകളീലേക്കോ ട്രെയിന്റെ വേഗതവേറിയ വരവ് അവരുടെ കണ്ണുകളീലേക്കോ കയറില്ല , തീര്‍ച്ച‍‍. കുറഞ്ഞതെങ്കിലും മണിക്കൂറില്‍ എഴുപത്തഞ്ച് കിലോമീറ്റര്‍ വേഗതയിലോടുന്ന വണ്ടിക്ക് എമെര്‍ജന്‍സി ബ്രേക്ക് ചെയ്താലും അവരുടെ തീരുമാനങ്ങളേ നടക്കൂ. എങ്കിലും ചെയ്യാതിരുന്നില്ല.
കാഴ്ചയില്‍ അവര്‍ വണ്ടിക്കടിയിലേക്കാഴ്ന്നപ്പോള്‍ ഇരുമ്പില്‍ ഇരുമ്പുരയുന്ന കീറ്റലുകള്‍ക്കു മീതെ പതിഞ്ഞ ധട്... ധട് ധട് ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നില്ല. ഞങ്ങള്‍ പരസ്പരം നോക്കി. . നെടുവീപ്പുകളുയര്‍ന്നു, എല്ലാം കഴിഞ്ഞല്ലോന്ന്......‍കാലില്‍നിന്നുള്ള തരിപ്പും വിറയലും... ആകെയൊരു വിയര്‍ക്കല്‍...
ഇരുമ്പു കരിഞ്ഞ മണത്തോടെ പിടിച്ചു നിര്‍ത്തിയ പോലെ വണ്ടി നിന്നു.
ഇനി....? നിര്‍ത്താതെ പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. നടന്നതെ പറ്റി ചിന്തിക്കേണ്ട. അശുഭ കാഴ്ചകളുണ്ടാവില്ല . പക്ഷേ.. ഒരു ലോക്കോ പൈലറ്റിന് ഇനിയുള്ളതും ജോലിയുടെ ഭാഗമാണല്ലോ..
കുപ്പിവെള്ളം വാ പൊളിച്ച് ഒഴിച്ച് തീര്‍ത്തു. തൊണ്ടയിലൊരു കടലിരമ്പമായി അത് ഇറങ്ങാതെ നിന്ന പോലെ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റിനോട് പറഞ്ഞ് ലോക്കോയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇരുട്ട് കനത്തു പടര്‍ന്നിരിക്കുന്നു. വഴിവിളക്കിലെ പ്രകാശമുണ്ട്. ഉയര്‍ന്ന റെയില്‍ പാതക്കു താഴെ ഒറ്റയടിചെമ്മണ്‍ പാതയിലൂടെ ടോര്‍ച്ച് തെളിയിച്ച് നടന്നു. എവിടെ മനസ്സു മരവിക്കുന്ന ആ കാഴ്ചകള്‍... എവിടെ, കടുത്ത തീരുമാനങ്ങള്‍ക്കു വേണ്ടി തിളച്ച ചോരയുടെ പാടുകള്‍.. സ്വാതന്ത്ര്യം കണ്ടെത്തിയ രൂപമൊക്കാത്ത മാംസപിണ്ഢങ്ങള്‍... ?‍ ഇനി അമ്മയും മക്കളുമൂണ്ടോ..? അംഗഭംഗം വന്ന ശവങ്ങള്‍ മാത്രം. എവിടെ.... കണ്ടെത്തിയേ പറ്റൂ...
അവിടവിടെ ആരൊക്കെയോ ടോര്‍ച്ച് തെളിയിക്കുന്നുണ്ട്. നാട്ടുകാരാണ് . അവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. “സാറേ...... ഇവിടെയുണ്ട്...” പന്ത്രണ്ടാമത്തെ കോച്ചിനു ചുറ്റും ചിലര്‍ കൂടി നിന്ന് വിളീച്ച് പറഞ്ഞു. പുറത്തെ ഇരുട്ട് ആരൊക്കെയോ കണ്ണിലേക്ക് തള്ളിക്കയറ്റിയോ....... എത്ര ആഞ്ഞിട്ടും കാലുകള്‍ ഉയരാത്ത പോലെ.. നടന്നിട്ടും എത്തുന്നില്ല....
പലപ്പോഴായി കണ്ടിട്ടുള്ളതു കൊണ്ടാവാം കോച്ചിനോടടുക്കവേ മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു.
കൂടിനിന്നവര്‍ അകന്ന് വഴി കാണിച്ചു.
ഞളുങ്ങിയ ലോഹവളകളുള്ള അറ്റ വലതു കൈ... പിന്നിപ്പറിഞ്ഞ ദാവണിയോടെ ചതഞ്ഞ നെഞ്ചും പിളര്‍ന്ന തലയുമായി റെയിലുകള്‍ക്കിടയില്‍ ഓരത്ത് അവള്‍ കിടന്നു. ഒരു ശബ്ദം കേള്‍ക്കുന്നുണ്ടോ.. ? ഒരു കുഞ്ഞു നിലവിളി... ഉണ്ട്. അമ്മേ എന്ന് മുഴുവന്‍ വളരാത്ത വിളി. റ്റോര്‍ച്ചടിച്ചപ്പോള്‍ റെയിലിനകത്ത് കുറുകെ ചുരുണ്ടു കിടന്ന ഇരുണ്ട സാരിക്കകത്ത് ഒരു അനക്കം മാത്രമുണ്ട്. എല്ലാവരുടേയും റ്റോര്‍ച്ചുകള്‍ ആ ശബ്ദത്തിലേക്ക് തെളിഞ്ഞു. സാരിക്കുള്ളീലെ അനക്കവും നിലവിളീയുമല്ലാതെ മറ്റൊന്നും കണ്ടില്ല. കുറച്ചു നേരം ആരുടേയും കാലുകള്‍ അനങ്ങിയില്ല. ശബ്ദമുയര്‍ന്നില്ല.
അതാ.... സാരിക്കുള്ളിലെന്തോ തിരഞ്ഞുകൊണ്ട് അവന്‍ പുറത്ത് വരുന്നു.. കരഞ്ഞു കരഞ്ഞു ഒരു കുഞ്ഞു മോന്‍.
കൈ കൊണ്ട് തടഞ്ഞു നോക്കി അവന്‍ കരഞ്ഞു വിളിച്ചു. സാരിക്കുള്ളീലൊരു രൂപമവന്‍ കണ്ടില്ല. ചിരപരിചിതമായതൊന്നും കാണാതെ ചുറ്റിലും തെളിച്ച ചെറിയ പ്രകാശ വട്ടങ്ങളിലേക്ക് നോട്ടമെത്താതെ നോക്കി... പിന്നെയും അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
ഒരു നിമിഷം ഹൃദയം നുറുങ്ങി.... കാണേണ്ടിവരുന്നല്ലോന്ന് വിധിയെ പ്രാകി.. കൈയിലെ ടോര്‍ച്ച് ഊര്‍ന്ന് താഴെ വീണു. കരിങ്കല്ലില്‍ കാല്‍മുട്ടു കുത്തി എന്റെ കൈകള്‍ അവനിലേക്ക് വളര്‍ന്നു..
കൈകളിലേക്കവന്‍ പറന്നു വീണു... ശബ്ദമില്ലാത്ത ഏങ്ങലടിയില്‍ അവന്റെ വയറമര്‍ന്നും വാ പിളര്‍ന്നുമിരുന്നു. ദേഹത്തു ചേര്‍ന്നപ്പോള്‍ ശ്വാസമില്ലാത്ത, ശബ്ദമില്ലാത്ത നിലവിളീയോടൊപ്പം എന്നെ അള്ളിപ്പിടിച്ച് കിടന്നു.
എത്രയിടത്തുനിന്നു ചേര്‍ത്താലാണവന്റെ അമ്മയുണ്ടാവുക.....
ഇല്ല.. അവനായി ചുരന്ന മുലകളില്ലാതായി...... കൈ പിടിച്ച് നടത്താന്‍ ‍ലോഹവളകളിട്ട ചേച്ചിയുടെ കൈകളിനിയില്ല....... പകച്ച കണ്ണുകളില്‍ അവനെന്തു കണ്ടു..? തന്റേതെല്ലാം പൊയ്പ്പോയെന്നവന്‍ അറിഞ്ഞു കാണുമോ.....
മുറിഞ്ഞും ചതഞ്ഞും വികൃതമായ രൂപങ്ങളെ പെറുക്കിക്കൂട്ടി അമ്മയെന്നും ചേച്ചിയെന്നും പേരിട്ട് റെയിലിനുവെളിയില്‍ ചേര്‍ത്തു വെച്ചു. കുഞ്ഞിനെ അടര്‍ത്തി ഒരു ഓഫ് ഡ്യൂട്ടി റെയില്‍ വേ സ്റ്റാഫിനൊപ്പം ഗാര്‍ഡ് വാനില്‍ കയറ്റി. കീറിമുറിഞ്ഞ അവന്റെ കരച്ചില്‍ ഉള്ളിലേക്കിനിയുമിറങ്ങാതിരിക്കാന്‍ ചെവികളമര്‍ത്തി പൊത്തി ഞാന്‍ എഞ്ചിനിലേക്ക് നടന്നു. ഇനിയുമോടാനുണ്ടെത്രയോ..............

Saturday, March 21, 2009

ഉപായം

ആദ്യത്തെ പിടുത്തം
പിഴയ്ക്കരുത് ; കൈയടക്കം.

ഒറ്റവലി , തടുക്കാന്‍
കൈയടുക്കും മുന്‍പ്.

ആഞ്ഞുള്ളൊരൊറ്റവലി
ശാസ്ത്രമാണ്

നിലവിളിയ്ക്ക് വാ പൊളിക്കും-
മുന്‍പെ തീരണം

ഇത്രയും കൊണ്ട് കണ്ണില്‍
ഇരുട്ട് തൂവിക്കഴിഞ്ഞു.

അതാവണം വെളിച്ചം
ഒടിയനായ് മറയുക.

ദീര്‍ഘരേഖയിലോട്ടം വേണ്ട,
ദീര്‍ഘദൃഷ്ടികളുണ്ട്.

കുണ്ടനിടവഴിയും ഒറ്റയടിപ്പാതയും
വേണ്ട , പരിചിതരറിയും.

ചന്തയിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ
വെച്ചാകാം , അഭിമാനം കാക്കും.

തരികിടയെന്നോര്‍ത്താദ്യം
ഇളിഭ്യയാകും , മണ്ടിക്കളയുക.

കഴുത്ത് തടവി പോയല്ലോന്നോര്‍ത്ത്
കണ്ണുകള്‍ ചുവപ്പിച്ച് കുളിപ്പിച്ച് വെളിയിലിടും.

എല്ലവരും കൂടും,
വിമ്മിഷ്ടം ഒച്ചയില്ലാതൊഴുകുമ്പോള്‍.

എല്ലാറ്റിനും കൂടണം,
വീട്ടിലെത്തിക്കണം ; ആണ്‍ തുണ.

രാത്രിയിലൊരുമ്മകൊടുത്ത്
പോട്ടെ..വേറെ വാങ്ങാലോന്നാക്കണം.

പിന്നെ,
വിറ്റുകാശാക്കി കുട്ടിയേംകൊണ്ട് വരിക
ഞങ്ങളെല്‍ക്കേജീലാക്കാം

‍

Sunday, March 8, 2009

നീ അറിയാന്‍

നീ അറിയാന്‍

ഹൃ ദയത്തില്‍ നീ
മാറ്റുരച്ചുണര്‍ത്തിയ
നിന്റെ വാക്കുകള്‍
കവര്‍ന്നതാര് ‍?

ഉല പോല്‍
നെഞ്ചിന്‍ കൂടുലച്ച്
നീയെരിച്ച കനല്‍
കവര്‍ന്നതാര് ?‍

വര്‍ണ്ണനൂലിനാല്‍ നെയ്ത്
നെഞ്ചോടു ചേര്‍ത്ത
നിന്റെ കനവുകള്‍
കവര്‍ന്നതാര് ?

നിഴലൊഴിഞ്ഞ
സംവേദനങ്ങളേകിയ
നിന്നിന്ദ്രിയങ്ങള്‍
കവര്‍ന്നതാര് ?

കേള്‍ക്കാതെയില്ല
നീ വാക്കുകള്‍,
കാണാതെയില്ല
കാഴ്ചകള്‍
അറിയാതെയില്ല
നിനക്കര്‍ത്ഥങ്ങളെങ്കിലും,

നിന്നതെന്തേയീ
തെരുവോരം
വീര്‍പ്പുമുട്ടിയീ
ചവറുകൂനകള്‍ക്കിടയില്‍

തിരക്കില്‍ നഷ്ടമാകാമിവിടെ
നിന്‍ തനുവും തങ്കവളകളും, പിന്നെ-
ഇല്ലായ്മയില്‍ നീ
അറിയാതെ പോകാം
ഇരയായതും നീ
ഇല്ലാതെയായതും