പകല്‍ മുഴുവന്‍ വെയിലൊപ്പിയ പച്ചകളെ പുണര്‍ന്നും തഴുകിയും ഇളം ചൂടുള്ള കാറ്റ് , തുറന്നിട്ടജനലിലൂടെ ഓടുന്ന ട്രെയിന്‍ എഞ്ചിന്റെ ക്യാബിനില്‍ വന്ന് ഞങ്ങളെ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി ധൃതിയില്‍ കടന്നു പോയി. പാടവും പനകളും അരുവികളും കൊണ്ട് ഹരിതാഭമായ റെയിലോരക്കാഴ്ചകള്‍... നെല്ലും പച്ചക്കറികളും ചോളവും കരിമ്പും വിളയുന്ന പാടവരമ്പിലൂടെ റെയിലോരപാതയിലേക്ക് നിരയിട്ടടുക്കുന്ന ചെറുസംഘങ്ങള്‍... റെയിലിനുസമാന്തരമായ അവരുടെ യാത്രക്ക് തിടുക്കത്തിന്റെ താളമുണ്ട്.
കുഞ്ഞുങ്ങള്‍, അച്ഛന്, അമ്മ, ഭാര്യ, ഭര്‍ത്താവ്.... ഇരുട്ടു പടരുമ്പോള്‍ വീട്ടിലെത്തി പുലരുമ്പോള്‍ തിരിക്കും വരെ ഇനിയെന്തൊക്കെ....
വിസില്‍ ബോര്‍ഡ്....വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍...
റൈറ്റ്... വിസില്‍ ബോര്‍ഡ്.. വ്യൂ എഹെഡ് ഈസ് നോട്ട് ക്ലിയര്‍... അങ്ങനെയാണത്. ബോര്‍ഡുകളും സിഗ്നലുകളും ആദ്യം കണ്ടയാള്‍ വിളിച്ചു പറഞ്ഞത് അടുത്തയാള്‍ കണ്ട് ഉറപ്പു വരുത്തി ആവര്‍ത്തിക്കുന്നു.മുന്നിലേക്കുള്ള പാളത്തിന്റെ വളവും വശങ്ങളിലെ മരങ്ങളുടെ ചില്ലകളും ചേര്‍ന്ന് പാളത്തിലേക്കുള്ള കാഴ്ച അവ്യക്തമാക്കിയിരുന്നു. പിന്നെ വിസിലടിയാണ്. അറുനൂറു മീറ്റെര്‍ മുന്‍പ് വെച്ച ബോര്‍ഡ് മുതല്‍ മുന്നില്‍ നിവര്‍ന്നറെയില്‍ പാളങ്ങള്‍ ദൂരേക്ക് കാണും വരെ.
വെയില് മങ്ങി വെളിച്ചം കുറയാനെടുത്തത് വളരെ കുറഞ്ഞ സമയമാണ് .ഹെഡ് ലൈറ്റിന്റെ പ്രകാശം പാളങ്ങളെ കൂടുതല്‍ തെളിയിച്ചപ്പോള്‍ റെയിലിനോട് ചേര്‍ന്ന ഒറ്റയടി ചെമ്മണ് പാതയിലെ യാത്രക്കാരെയടക്കം എല്ലാം കാണുന്നുണ്ട്. വണ്ടിയോട്ടത്തിനിടെ കാണുന്നതെന്തും അനുനിമിഷം മാറുമെന്നതിനാല്‍ മന:പൂര്‍വ്വമൊരു വിശകലനമോ കാഴ്ചയിലെ വ്യത്യസ്തതയോ മാത്രമാണ് അവ മനസ്സിലേക്ക് വീണ്ടുമെത്താന്‍ കാരണമാവുക.
വലത്തെ ഒക്കത്ത് കുഞ്ഞിനെയെടുത്ത് ഒരു പെണ്കുട്ടിയോടൊത്ത് , സാരിയുടുത്ത സ്ത്രീ റെയില്‍പ്പാതയുടെ ഇടതുവശം ചേര്‍ന്നു നടന്നു. വളരെ തിടുക്കത്തിലാണവര്‍ നടന്നത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരിന്നു.ചേര്‍ന്നുനടന്നവരൊന്നായി ഒരു കാറ്റ് ചൂഴ്ന്നെടുത്തുവെച്ച പോലെ പാളത്തിലേക്കു കടന്നു. പെണ്‍കുട്ടിയെ തോളീല്‍ പിടിച്ച് താഴേക്കമര്‍ത്തി, കുഞ്ഞിനെ മാറോടണച്ച് കുനിഞ്ഞ് ട്രെയിന്‍ അഭിമുഖമായി ഇരുന്നു.
ഏറെ കണ്ടതെങ്കിലും ഹൃദയമിടിപ്പ് കൂടിയ നിമിഷങ്ങള്‍..... ഉള്ളം കൈ വിയര്‍ത്തു... തൊണ്ട വരണ്ടു.. നാലു വിസില്‍ നോബുകളിലും കൈകളമര്‍ന്നു. കാതുകള്‍ ചൂളം വിളിച്ചു.
വിസിലിന്റെ കാതടപ്പിക്കുന്ന ശബ്ദം അവരുടെ കാതുകളീലേക്കോ ട്രെയിന്റെ വേഗതവേറിയ വരവ് അവരുടെ കണ്ണുകളീലേക്കോ കയറില്ല , തീര്‍ച്ച. കുറഞ്ഞതെങ്കിലും മണിക്കൂറില്‍ എഴുപത്തഞ്ച് കിലോമീറ്റര്‍ വേഗതയിലോടുന്ന വണ്ടിക്ക് എമെര്‍ജന്‍സി ബ്രേക്ക് ചെയ്താലും അവരുടെ തീരുമാനങ്ങളേ നടക്കൂ. എങ്കിലും ചെയ്യാതിരുന്നില്ല.
കാഴ്ചയില്‍ അവര്‍ വണ്ടിക്കടിയിലേക്കാഴ്ന്നപ്പോള്‍ ഇരുമ്പില്‍ ഇരുമ്പുരയുന്ന കീറ്റലുകള്‍ക്കു മീതെ പതിഞ്ഞ ധട്... ധട് ധട് ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നില്ല. ഞങ്ങള്‍ പരസ്പരം നോക്കി. . നെടുവീപ്പുകളുയര്‍ന്നു, എല്ലാം കഴിഞ്ഞല്ലോന്ന്......കാലില്‍നിന്നുള്ള തരിപ്പും വിറയലും... ആകെയൊരു വിയര്‍ക്കല്‍...
ഇരുമ്പു കരിഞ്ഞ മണത്തോടെ പിടിച്ചു നിര്‍ത്തിയ പോലെ വണ്ടി നിന്നു.
ഇനി....? നിര്‍ത്താതെ പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. നടന്നതെ പറ്റി ചിന്തിക്കേണ്ട. അശുഭ കാഴ്ചകളുണ്ടാവില്ല . പക്ഷേ.. ഒരു ലോക്കോ പൈലറ്റിന് ഇനിയുള്ളതും ജോലിയുടെ ഭാഗമാണല്ലോ..
കുപ്പിവെള്ളം വാ പൊളിച്ച് ഒഴിച്ച് തീര്‍ത്തു. തൊണ്ടയിലൊരു കടലിരമ്പമായി അത് ഇറങ്ങാതെ നിന്ന പോലെ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റിനോട് പറഞ്ഞ് ലോക്കോയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇരുട്ട് കനത്തു പടര്‍ന്നിരിക്കുന്നു. വഴിവിളക്കിലെ പ്രകാശമുണ്ട്. ഉയര്‍ന്ന റെയില്‍ പാതക്കു താഴെ ഒറ്റയടിചെമ്മണ്‍ പാതയിലൂടെ ടോര്‍ച്ച് തെളിയിച്ച് നടന്നു. എവിടെ മനസ്സു മരവിക്കുന്ന ആ കാഴ്ചകള്‍... എവിടെ, കടുത്ത തീരുമാനങ്ങള്‍ക്കു വേണ്ടി തിളച്ച ചോരയുടെ പാടുകള്‍.. സ്വാതന്ത്ര്യം കണ്ടെത്തിയ രൂപമൊക്കാത്ത മാംസപിണ്ഢങ്ങള്‍... ? ഇനി അമ്മയും മക്കളുമൂണ്ടോ..? അംഗഭംഗം വന്ന ശവങ്ങള് മാത്രം. എവിടെ.... കണ്ടെത്തിയേ പറ്റൂ...
അവിടവിടെ ആരൊക്കെയോ ടോര്‍ച്ച് തെളിയിക്കുന്നുണ്ട്. നാട്ടുകാരാണ് . അവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. “സാറേ...... ഇവിടെയുണ്ട്...” പന്ത്രണ്ടാമത്തെ കോച്ചിനു ചുറ്റും ചിലര്‍ കൂടി നിന്ന് വിളീച്ച് പറഞ്ഞു. പുറത്തെ ഇരുട്ട് ആരൊക്കെയോ കണ്ണിലേക്ക് തള്ളിക്കയറ്റിയോ....... എത്ര ആഞ്ഞിട്ടും കാലുകള്‍ ഉയരാത്ത പോലെ.. നടന്നിട്ടും എത്തുന്നില്ല....
പലപ്പോഴായി കണ്ടിട്ടുള്ളതു കൊണ്ടാവാം കോച്ചിനോടടുക്കവേ മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു.
കൂടിനിന്നവര്‍ അകന്ന് വഴി കാണിച്ചു.
ഞളുങ്ങിയ ലോഹവളകളുള്ള അറ്റ വലതു കൈ... പിന്നിപ്പറിഞ്ഞ ദാവണിയോടെ ചതഞ്ഞ നെഞ്ചും പിളര്‍ന്ന തലയുമായി റെയിലുകള്‍ക്കിടയില്‍ ഓരത്ത് അവള് കിടന്നു. ഒരു ശബ്ദം കേള്‍ക്കുന്നുണ്ടോ.. ? ഒരു കുഞ്ഞു നിലവിളി... ഉണ്ട്. അമ്മേ എന്ന് മുഴുവന്‍ വളരാത്ത വിളി. റ്റോര്‍ച്ചടിച്ചപ്പോള്‍ റെയിലിനകത്ത് കുറുകെ ചുരുണ്ടു കിടന്ന ഇരുണ്ട സാരിക്കകത്ത് ഒരു അനക്കം മാത്രമുണ്ട്. എല്ലാവരുടേയും റ്റോര്‍ച്ചുകള്‍ ആ ശബ്ദത്തിലേക്ക് തെളിഞ്ഞു. സാരിക്കുള്ളീലെ അനക്കവും നിലവിളീയുമല്ലാതെ മറ്റൊന്നും കണ്ടില്ല. കുറച്ചു നേരം ആരുടേയും കാലുകള്‍ അനങ്ങിയില്ല. ശബ്ദമുയര്‍ന്നില്ല.
അതാ.... സാരിക്കുള്ളിലെന്തോ തിരഞ്ഞുകൊണ്ട് അവന് പുറത്ത് വരുന്നു.. കരഞ്ഞു കരഞ്ഞു ഒരു കുഞ്ഞു മോന്.
കൈ കൊണ്ട് തടഞ്ഞു നോക്കി അവന് കരഞ്ഞു വിളിച്ചു. സാരിക്കുള്ളീലൊരു രൂപമവന്‍ കണ്ടില്ല. ചിരപരിചിതമായതൊന്നും കാണാതെ ചുറ്റിലും തെളിച്ച ചെറിയ പ്രകാശ വട്ടങ്ങളിലേക്ക് നോട്ടമെത്താതെ നോക്കി... പിന്നെയും അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
ഒരു നിമിഷം ഹൃദയം നുറുങ്ങി.... കാണേണ്ടിവരുന്നല്ലോന്ന് വിധിയെ പ്രാകി.. കൈയിലെ ടോര്‍ച്ച് ഊര്‍ന്ന് താഴെ വീണു. കരിങ്കല്ലില്‍ കാല്‍മുട്ടു കുത്തി എന്റെ കൈകള്‍ അവനിലേക്ക് വളര്‍ന്നു..
കൈകളിലേക്കവന്‍ പറന്നു വീണു... ശബ്ദമില്ലാത്ത ഏങ്ങലടിയില്‍ അവന്റെ വയറമര്‍ന്നും വാ പിളര്‍ന്നുമിരുന്നു. ദേഹത്തു ചേര്‍ന്നപ്പോള്‍ ശ്വാസമില്ലാത്ത, ശബ്ദമില്ലാത്ത നിലവിളീയോടൊപ്പം എന്നെ അള്ളിപ്പിടിച്ച് കിടന്നു.
എത്രയിടത്തുനിന്നു ചേര്‍ത്താലാണവന്റെ അമ്മയുണ്ടാവുക.....
ഇല്ല.. അവനായി ചുരന്ന മുലകളില്ലാതായി...... കൈ പിടിച്ച് നടത്താന്‍ ലോഹവളകളിട്ട ചേച്ചിയുടെ കൈകളിനിയില്ല....... പകച്ച കണ്ണുകളില്‍ അവനെന്തു കണ്ടു..? തന്റേതെല്ലാം പൊയ്പ്പോയെന്നവന്‍ അറിഞ്ഞു കാണുമോ.....
മുറിഞ്ഞും ചതഞ്ഞും വികൃതമായ രൂപങ്ങളെ പെറുക്കിക്കൂട്ടി അമ്മയെന്നും ചേച്ചിയെന്നും പേരിട്ട് റെയിലിനുവെളിയില്‍ ചേര്‍ത്തു വെച്ചു. കുഞ്ഞിനെ അടര്‍ത്തി ഒരു ഓഫ് ഡ്യൂട്ടി റെയില്‍ വേ സ്റ്റാഫിനൊപ്പം ഗാര്‍ഡ് വാനില്‍ കയറ്റി. കീറിമുറിഞ്ഞ അവന്റെ കരച്ചില് ഉള്ളിലേക്കിനിയുമിറങ്ങാതിരിക്കാന്‍ ചെവികളമര്‍ത്തി പൊത്തി ഞാന്‍ എഞ്ചിനിലേക്ക് നടന്നു. ഇനിയുമോടാനുണ്ടെത്രയോ..............
Saturday, April 4, 2009
Subscribe to:
Post Comments (Atom)
34 comments:
സഹനത്തിന്റെ അതിര് വരമ്പുകള്‍ ഇല്ലാണ്ടാവുന്ന ഹൃദയം മുറിക്കുന്ന കാഴ്ച.
വളരേ ഹൃദയ സ്പര്‍ശിയായ ഒരു അനുഭവം എവിടെ വച്ചാണന്ന് പറഞ്ഞില്ല .
ഒരു നിമിഷം എല്ലാം കഴിഞ്ഞു ല്ലേ ?
ഒരു കഥപോലുണ്ട് .
മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍
ലോക്കോ പൈലറ്റിന് തടുക്കുവാന്‍ കഴിയാത്ത മരണം...യാത്രകളിലെ ഇത്തരം കാഴ്ചകള്‍ ഹൃദയഭേദകം തന്നെ
"യാത്ര പറയലുകളുടെയും
വേര്പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ
ഒത്തിരി കാണാ കഥകളും കണ്ടു മടുത്ത്
ഒരിക്കലും ഒന്നു ചേരാനാകാതെ
ആത്മഹത്യാ മുനമ്പില്‍
അടുത്തവന്റെ ഊഴത്തിനായ്
മലര്‍ന്നടിച്ചു കിടന്നു..."
"റെയില്‍പാളം..."
വല്ലാതെ വേദനിപ്പിച്ചല്ലോ കൂട്ടുകാരാ ഈ നൊമ്പര കാഴ്ചകള്‍..
dear friend..this is really heart breaking..
മനോഹരമായ എഴുത്ത്, ശൈലി, കഥ.
ഇനിയുമോടാനുണ്ടെത്രയോ..............
ഇനിയും ശവങ്ങളായി മാറിയ അമ്മമാരെയും അനിയത്തിമാരെയും ഇനിയുള്ള യാത്രകളില്‍ കാണാതിരിക്കട്ടെ! നല്ല കഥ... ഇനിയും വരാം!
നല്ല പോസ്റ്റ്..
(please avoid the word verification..)
എന്താ പറയ്യാ...ഇന്നത്തെ ഉറക്കം പോയിക്കിട്ടി....
പ്രായൻ പറഞ്ഞത് സത്യം!ഒരോ ദിവസവും വാർത്തയിൽ ട്രെയിൻ തട്ടി മരണം കേൾക്കുമ്പോൾ അറിയാതെ ആലോചിച്ചിട്ടുണ്ടു ലോകോ പൈയിലറ്റുമാരുടെ അവസ്ഥയെകുറിച്ചു..ഹൊ!!എന്തായാലും സമാന്തരാാ ഇന്നത്തെ ഉറക്കം പോയീീ!
ഇല്ല.. അവനായി ചുരന്ന മുലകളില്ലാതായി...... കൈ പിടിച്ച് നടത്താന്‍ ലോഹവളകളിട്ട ചേച്ചിയുടെ കൈകളിനിയില്ല....... പകച്ച കണ്ണുകളില്‍ അവനെന്തു കണ്ടു..? തന്റേതെല്ലാം പൊയ്പ്പോയെന്നവന്‍ അറിഞ്ഞു കാണുമോ.....
മുറിഞ്ഞും ചതഞ്ഞും വികൃതമായ രൂപങ്ങളെ പെറുക്കിക്കൂട്ടി അമ്മയെന്നും ചേച്ചിയെന്നും പേരിട്ട് റെയിലിനുവെളിയില്‍ ചേര്‍ത്തു വെച്ചു. കുഞ്ഞിനെ അടര്‍ത്തി ഒരു ഓഫ് ഡ്യൂട്ടി റെയില്‍ വേ സ്റ്റാഫിനൊപ്പം ഗാര്‍ഡ് വാനില്‍ കയറ്റി. കീറിമുറിഞ്ഞ അവന്റെ കരച്ചില് ഉള്ളിലേക്കിനിയുമിറങ്ങാതിരിക്കാന്‍ ചെവികളമര്‍ത്തി പൊത്തി ഞാന്‍ എഞ്ചിനിലേക്ക് നടന്നു. ഇനിയുമോടാനുണ്ടെത്രയോ..............
പൊള്ളിക്കുന്നു ,,,അക്ഷരങ്ങള്‍...
വായിച്ചു വളരെ നന്നായി ഇഷ്ടപ്പെട്ടു
പാവപ്പെട്ടവന് :സഹനത്തിന്റെ അതിര്‍വരമ്പുകള്‍ തള്ളീ തള്ളിയിടുകയേ മാര്‍ഗ്ഗമുള്ളൂ..
ജ്വാല: ഇതെന്നല്ല.. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നും തന്നെ തടുക്കാനാവില്ല
പകല്‍:എല്ലാം കഴിഞ്ഞ് ഒറ്റക്കാവുമ്പോഴത്തെ വേദന നീ കണ്ടുവോ...? ചേര്‍ത്ത വരികള്ക്കേറെ നന്ദി
കെ കെ എസ്സ്: എത്രയെത്ര മുറിവുകള്‍
ചങ്കരന് :കഥ കണ്ടവനേ നിനക്കു നന്ദി..
വാഴക്കോടന്‍ : കാണാതെന്തു യാത്ര..
കുമാരന്: നന്ദി.. നാണക്കേടെങ്കിലും അറിയില്ലെന്നത് സത്യം..
പ്രയാന്‍: അത്രയേ എന്നെകൊണ്ട് കഴിയൂ..
കേഡി കത്രീന: എന്നാലിനി സൂക്ഷിച്ചോ.. പല രാത്രിയും ഉറക്കം കെടാന്‍ സാധ്യതയുണ്ട്
hAnLLaLaTh: ആദ്യം പൊള്ളീയുള്ള്
ഉരുകിയക്ഷരമുതിര്ന്നു,പിന്നെ
പണ്യന്‍ കുയ്യി:സന്തോഷം..
വന്നവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.. തുടര്‍ന്നും വായിച്ച് അനുഭവമെഴുതുമല്ലോ...
its touching like a stream...
ഹൃദയം നുറുങ്ങുന്ന വേദന തന്നു ഈ എഴുത്ത്.
പാവപ്പെട്ടവന്റെ ബ്ലോഗിലെ കമന്റ് വഴിയാണ് ഇവിടെയെത്തിയത്. പ്രൊഫൈല്‍ നോക്കിയപ്പോഴാണ് നമ്മള് ഒരേ നാട്ടുകാരാണെന്നറിയുന്നത്. വാടാനപ്പള്ളിയില്‍ എവിടെയാണ്.
മനസ്സിന് എത്രയൊക്കെ കടുപ്പം ഉണ്ടാക്കി വച്ചാലും ചില നിമിഷങ്ങളിൽ അവ തകരും.. ഇത്തരം ജോലികളിൽ ഇതൊഴിവാക്കാൻ ഒട്ടും കഴിയില്ല. നമ്മളൊക്കെ പലതിനും നിശബ്ദ സാക്ഷികളത്രെ...
കുത്തി ഒഴുകുന്ന ചോരയില്‍ കുതിര്‍ന്ന വരികള്‍
ജീവിതം വല്ലാത്തത് തന്നെ അല്ലെ? എന്തെല്ലാം കാണണം, അനുഭവിക്കണം...??
വായിച്ച് കഴിഞ്ഞപ്പോള്‍ മനസിലൊരു വിങ്ങല്‍.....
ഹൃദയത്തില്‍ തട്ടുന്നവിധത്തില്‍ എഴുതി, ആശംസകള്‍.
ഹൊ! ഒരു വല്ലാത്ത അനുഭവം തന്നെ.
മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്...
:)
ജെ.പി., സബിത,കാസിം തങ്ങള്‍,ജാനകി ,ഇന്ദുലേഖ,രാധ,ബലിത വിചാരം ,തെച്ചിക്കോടന്, ശ്രീ, ഹരിശ്രീ...
വളരെ സന്തോഷമുണ്ട്. നന്ദി...
ഇനിയും വരുമെന്ന പ്രതീക്ഷയോടെ...
"എത്രയിടത്തുനിന്നു ചേര്‍ത്താലാണവന്റെ അമ്മയുണ്ടാവുക....." എത്രയിടം ചേര്‍ന്നാലും അതുണ്ടാകില്ല :(
ഹൃദയ സ്പര്‍ശിയായ വിവരണം. ഫോണ്ട് കുറച്ചു കൂടി വലുതാക്കി പാരഗ്രാഫിനിടയിലെ അകലം കൂട്ടിയാല്‍ വായന എളുപ്പമാകുമായിരുന്നു.
ശ്ശൊ.. വല്ലാണ്ട് വിഷമം ആയി.. എങ്കിലും നല്ല പോസ്റ്റ്.
അമ്മയെന്നും പെങ്ങളെന്നും പേരിട്ട മാംസപിണ്ഡങ്ങള്‍......നിങ്ങളോടൊപ്പം ഞാനും ദൃക്സാക്ഷിയായി നിന്നപോലെ തോന്നി..നല്ലഭാഷ..ആശംസകള്‍
“തീവണ്ടിയാൽ ചില വേർപാടുകൾ“ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.....എഴുതുക വീണ്ടും ആശംസകളോടെ......
ഹൃദയഭേദകം.. അല്ലാതെന്തു പറയാൻ....
രചനകളിലെല്ലാം...തൊട്ടെടുക്കാവുന്ന നൊമ്പരങ്ങൾ..... ആത്മാർത്ഥമായ പ്രതിഷേധങ്ങൾ.....ഒരുപാടൊരുപാട് എഴുതുക........
നിലവിളിയോടെ കനൽവണ്ടി പായുന്നതു ഹൃദയഭേദകമായ ഈ വിധ കാഴ്ചകളിലൂടെയാണല്ലേ....ഉള്ളിലും കനലെരിയുന്ന വണ്ടിക്കാരാ.. നിനക്ക് സമാധാനം......
മുമ്പെപ്പൊഴോ കൂപ്പുകൈയുമായി റെയില്‍പാളത്തില്‍ നിന്ന ചെറുപ്പക്കാരന്റെ മുഖ൦ മറക്കാ൯ കഴിയുന്നില്ല’ എന്നു വായിച്ചപ്പോഴുണ്ടായ വിങ്ങല്‍ ഒന്നുകൂടി തീക്ഷ്ണമായി അനുഭവിച്ചു•
മുന്നില്‍ ആ രംഗം തെളിഞ്ഞുവന്നു. മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.
എനിക്കിത്രയ്ക്കൊന്നും താങ്ങാനാവില്ല മാഷേ. ഞാന്‍ തളര്‍ന്ന് വീണുപോകും .
വളരെ നന്നായിരിക്കുന്നു
I am from Manaloor/trissur
ഉദയപ്രഭനും സിയാഫും ആയിരുന്നു എൻജിൻ റൂമിൽ നിന്ന് കഥകൾ പറഞ്ഞുതന്നിരുന്നത്. അതിൽ ജോലിയനുഭവങ്ങൾ ഭാവനയും ചേർത്ത് അധികം എഴുതിയിരുന്നത് സിയാഫ് തന്നെ. ഉദയപ്രഭൻ മറ്റ് മേഖലകളിൽ നിന്ന് കഥകൾ കണ്ടെത്തി. ഈ ബ്ലോഗിൽ ഞാൻ വന്നിട്ടുണ്ടോ എന്ന് ഓർക്കുന്നില്ല. എന്തായാലും ഈ പോസ്റ്റിൽ ആദ്യമായാണു.
Post a Comment