Monday, June 16, 2014

ജന്മദിന വിശേഷങ്ങൾ     1980 ലെ ഏപ്രിൽ മാസം. വിഷു കഴിഞ്ഞു. വിരുന്നു പോയവർ തിരികെ വന്നു. കുട്ടികളും മുതിർന്നവരും ജീവിതത്തിന്റെ സ്വാഭാവിക സ്വാദുകളിലേക്ക് തിരിച്ചെത്തി. പൊട്ടാത്ത പടക്കം പൊളിക്കലും തീയിലിട്ട് കത്തിക്കലും കഴിഞ്ഞ്, മടലിന്റെ ലോറിയിലേക്കും പഴയ ചെരുപ്പ് വട്ടത്തിൽ വെട്ടി ചക്രമിട്ട വണ്ടിയിലേക്കും കുട്ടികളെത്തി. കണ്ണുപൊത്തിക്കളിയും ഗോലിയും കശുവണ്ടിയും കണ്ണിമാങ്ങയും കളിവീടും അതിലെ ചോറും കറികളും അവരുടെ പകലുകൾ തീർത്തു കൊണ്ടിരുന്നു. തെങ്ങിൻപറമ്പുകൾ പരിപാലിച്ചും, ഓല മെടഞ്ഞും, പായയ്ക്കുള്ള തഴ തയ്യാറാക്കിയും, പായ നെയ്തും മടലുകീറി ഉണക്കിയും കൊയ്ത്തിനു പോയും നെല്ലു പുഴുങ്ങി ഉണക്കിയും, അരി,മുളക്,മല്ലി,മഞ്ഞൾ എന്നിവ മര ഉരലിലിടിച്ചും മാങ്ങ ചെത്തി ഉപ്പിലിട്ടുണക്കിയും വറ്റു കുറഞ്ഞ കഞ്ഞി വെച്ചും ചേമ്പിൻ താൾ കറിവെച്ചും കാച്ചിലും ചേമ്പും പുഴുങ്ങി ചായക്ക് കടിയാക്കിയും കുളത്തിന്റേയും തോടിന്റേയും കടവിൽ അലക്കിയും അമ്മമാർ. പറമ്പു കിളച്ചും തോട്-കുളങ്ങൾ മാടിയും ഓലപ്പുര മേഞ്ഞ് മോന്താഴം കുത്തിയും ചാലു കീറി തെങ്ങിനും കവുങ്ങിനും വെള്ളം തേവി നനച്ചും കുളക്കടവിൽ വെള്ളംകുടമുയർത്തി കമഴ്ത്തി തലയിലേക്ക് ഷവറാക്കി കുളിച്ചും വൈകുന്നേരങ്ങളിൽ ഡയാസെപാമില്ലാത്ത കള്ളുകുടിച്ച് ഒന്നും രണ്ടും പറഞ്ഞും അച്ഛന്മാർ. അങ്ങനെ അവരെല്ലാം അവരവരുടെ ദിവസങ്ങളിൽ കർമ്മ നിരതരായി.
    വഴി വക്കിലെ കവുങ്ങുകളിലൊന്നിൽ കൂമ്പാള കീറി പൂക്കുലയിൽ നിന്നുതിർന്ന വെളുത്ത അരിപ്പൂക്കൾ തീർത്ത വട്ടത്തിലേക്ക് കാലുകൾ വെച്ചാണ് അവർ നാലു സ്ത്രീകൾ നടന്നത്. വെയിലു തുടങ്ങി, കാറ്റു കുറവായതിനാൽ സാരിത്തലപ്പു കൊണ്ട് വീശിയും വിയർപ്പു തുടച്ചും അവർ ഞങ്ങളുടെ കൂരയിലേക്കുള്ള നടവഴിയിലൂടെ നടന്നു. തെങ്ങുകൾക്കും ഉയർന്ന പുല്ലിനും മറവിൽ ഒളിച്ചു കളിച്ചിരുന്ന ഞങ്ങൾ അല്പം അകലത്തിൽ പിന്നാലെ കൂടി. കൂരയുടെ ചാണകം തേച്ച ഇറയത്തേക്ക്  കയറാതെ , മടൽ ഉണക്കാനിട്ട മുറ്റത്തിനപ്പുറം അതിരിൽ അവർകൂട്ടമായി  നിന്നു.  ഉടുത്ത പുള്ളിമുണ്ടിന്റെ തലപ്പുകൊണ്ട് വിയർപ്പ് തുടച്ച് ബഹുമാന പുരസരം നിന്ന് അമ്മ അവരോട് സംസാരിച്ചു കൊണ്ടിരുന്നു. ഇടക്ക് ഞങ്ങളെ കൈചൂണ്ടി കാണിച്ചു. ഞാനും അനിയനും എന്തു ചെയ്യണമെന്നറിയാതെ അകലത്തിൽ നിൽക്കവെ, അമ്മ കൈ മാടി വിളിച്ചു. ഒറ്റടി വെച്ച് പതിയെ അവരുടെ ചാരത്തെത്തി. ഷർട്ടില്ലായിരുന്നു. ബട്ടണില്ലാത്ത ട്രൗസർ എടുത്തു കുത്തി, അവരെന്തൊക്കെയോ എഴുതുന്നത് വാ പൊളിച്ച് നോക്കി നിന്നു. അനിയൻ അമ്മയുടെ മുണ്ടു ചുരുട്ടി പ്യൂപ്പയാകാൻ പോകുന്ന പുഴുവിനേപ്പോലെ ഉള്ളിലേക്ക് പോയി.
നിന്റെ ടീച്ചർമാരാ...  അമ്മ പറഞ്ഞു. മോന്റെ പേരെന്താ.. ഒരു ടീച്ചർ ചോദിച്ചു. ഒന്നും പറയാതെ ഞാനമ്മയോട് ചേർന്നു നിന്നു. പിന്നെ എന്തൊക്കെയോ അമ്മയോട് സംസാരിച്ച് ടീച്ചർമാർ പോയി. ഇനി ചേട്ടന്റേയും ചേച്ചിയുടേയും കൂടെ നല്ല കുട്ടിയായി സ്കൂളിൽ പോകണമെന്ന് അമ്മ പറഞ്ഞു തന്നു.
         കാര്യങ്ങളെന്തൊക്കെ ആയാലും ആ ദിവസം അവിടെ വെച്ച് തീരുമാനിക്കപ്പെട്ടതാകണം 12.05.1975 എന്നത്. കഴിഞ്ഞ മകരത്തിലെ ചോതിക്ക് അഞ്ചു തികഞ്ഞൂന്നുള്ള അമ്മയുടെ കണക്കിനു പുറത്ത് അന്നവിടെ വന്നവരുടേയും സ്കൂളിൽ പോകേണ്ടവന്റേയും ഭാവിയുടെ തുലനങ്ങളിൽ അവർ എഴുതി ചേർത്തത് അതായിരുന്നു. ആരുമറിയാതെ ആ അക്കങ്ങൾ പേരിനൊപ്പം ചേർന്നു നിന്നു. അപ്പോഴും മകരത്തിലെ ചോതി നാൾ അമ്മ കണക്കു കൂട്ടി മുൻപേ പറയും. ആ പറയുന്നത് മാത്രമാകും പലപ്പോഴും ആ ദിവസത്തിന്റെ പ്രത്യേകത.  
         എല്ലായിടത്തേയുംപോലെ എന്റെ ഗ്രാമത്തിലേയും എത്രയോ പേർക്ക് രത്നടീച്ചർ, ശാന്തടീച്ചർ, തങ്കമണിടീച്ചർ ഐഷാബി ടീച്ചർ തുടങ്ങിയവരിലാരെങ്കിലുമൊക്കെ ജനനതീയതികൾ നൽകിയിട്ടുണ്ട്. അതു വെച്ച് വിവിധ മേഖലകളിൽ ജീവിത വിജയം നേടിയവരെത്രയോ ഉണ്ട്. മലയാള വർഷം പലപ്പോഴും അമ്മമാർ ഓർത്തിരിക്കാനിടയില്ലാത്തതു കൊണ്ട് കണിയാന്മാർ ഈ ദിവസത്തോടു ചേരുന്ന മലയാള വർഷവും ദിവസവും നാളും നാഴികയും കണ്ടു പിടിച്ച് ജാതകമെഴുതി എത്രയോ പേരെ നന്നാക്കിയിട്ടുണ്ട്. എത്ര പേർ ഇപ്പോഴും ചൊവ്വയിലും ശുദ്ധിയിലും ചുറ്റി ജീവിത വഴികൾ തിരിയാതെ വട്ടം കറങ്ങി വീഴുന്നുണ്ടാകും    
        ഒന്നുറപ്പുണ്ട്. ചൂടും ചോരയും ശ്വാസവും തന്ന് പവിത്രമായ കരുതലോടെ അമ്മയെന്നെ കിടത്തിയ ഗർഭപാത്രത്തിന്റെ വിശുദ്ധിയോടെ എത്താക്കൊമ്പിലെ മാധുര്യമായി ആ ദിവസം കാണാമറയത്തുണ്ട്.

9 comments:

പട്ടേപ്പാടം റാംജി said...

ജന്മദിനവിശേഷങ്ങള്‍ നന്നായിരിക്കുന്നു.
തിരിച്ചു വരാത്ത നഷ്ടങ്ങള്‍ തികച്ചും നഷ്ടങ്ങള്‍ തന്നെ.

Manikandan said...

ഔദ്യോഗീകകമായ ഒരു ജന്മദിനം, അനൗദ്യോഗീകമായ മറ്റൊന്ന്, അങ്ങനെ രണ്ട് ജന്മദിനങ്ങൾ അല്ലെ.

സമാന്തരന്‍ said...

പലർക്കും ഇങ്ങനെയാണ്. പഴയ നടവഴികളെ കുറിച്ച് ഓർത്തപ്പോൾ എഴുതാൻ തോന്നി. എന്റെ ബ്ലോഗെഴുത്ത് വല്ലപ്പോഴുമാണെങ്കിലും എത്തിനോക്കിയ റാംജി സാറിനും മണിക്കും നന്ദി..

അമ്പിളി. said...

എനിക്കും ഉണ്ട് ഇതുപോലെ 2 ജന്മ ദിനങ്ങൾ. നല്ല വായനാനുഭവം. ബാല്യത്തിലേയ്ക്ക് മനസ്സിനെ കൈപിടിച്ച് നടത്തുന്ന എന്തൊക്കെയോ ഞാൻ ഇവിടെ വായിച്ചു. ആശംസകൾ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എനിക്കും ഉണ്ട് രണ്ടു ജന്മദിനങ്ങള്‍ .ബ്ലോഗില്‍ ഇനിയും എഴുത്തുകള്‍ വരട്ടെ

kanakkoor said...

എല്ലാവരുടെയും ജീവിതത്തില്‍ ഉള്ള ഒരു മനോഹര ദിനം നന്നായി ഓര്‍മ്മിച്ചെടുത്തു. ഭംഗിയായി എഴുതി. ആശംസകള്‍

kanakkoor said...

എല്ലാവരുടെയും ജീവിതത്തില്‍ ഉള്ള ഒരു മനോഹര ദിനം നന്നായി ഓര്‍മ്മിച്ചെടുത്തു. ഭംഗിയായി എഴുതി. ആശംസകള്‍

ശ്രീ said...

നന്നായെഴുതി.

എഴുത്തൊക്കെ കുറച്ചോ? കാണാറേയില്ലല്ലോ

സുധി അറയ്ക്കൽ said...

ഗൃഹാതുരത്വമുണർത്തുന്ന നല്ലെഴുത്ത്‌.

എഴുതൂ.!!!